തിരുവനന്തപുരം: 'വിദ്യാഭ്യാസം കുറവാണ് ടീച്ചറെ എനിക്ക്. പക്ഷേ നാളുകളായി ഹോംനേഴ്സ് ആയി ബാംഗ്ലൂരിൽ വർക്ക് ചെയ്യുകയാണ്. ഐസൊലേഷൻ വാർഡിൽ ക്ലീനിം​ഗിന് ആളെ വേണമെങ്കിൽ ഞാനും വരാം ടീച്ചറെ. ആരോ​ഗ്യവകുപ്പ് നൽകിയ നമ്പറിൽ വിളിച്ചിരുന്നു കിട്ടുന്നില്ല. അതാണ് ഇവിടെ മെസ്സേജ് ഇട്ടത്. ഒരുമിച്ച് നേരിടാം ടീച്ചറെ നമുക്ക്. ഒപ്പമുണ്ട് ഞങ്ങൾ.' ആരോ​ഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്നാണിത്. കൊവിഡ് 19 എന്ന മഹാവ്യാധിയെ നേരിടാൻ മന്ത്രിക്കൊപ്പം കേരളത്തിലെ ഓരോ ജനങ്ങളും സജ്ജമാണെന്ന് വെളിപ്പെടുത്തുന്നുണ്ട് ഇത്തരം കമന്റുകൾ. 'ശമ്പളമൊന്നും വേണ്ട, നഴ്സാണ് എന്ത് സഹായം വേണമെങ്കിലും ചെയ്യാം, ഡ്രൈവറാണ്, ആംബുലൻസ് സഹായം വേണമെങ്കിൽ തയ്യാറാണ്, ക്ലീനിം​ഗിന് ആളെ വേണമെങ്കിൽ ഞാനും വരാം' തുടങ്ങി കമന്റുകളുടെ പ്രവാ​ഹമാണ് ശൈലജ ടീച്ചറുടെ പോസ്റ്റിന് താഴെ. 

റാന്നി പന്തളം എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകളിൽ ഐസൊലേഷൻ വാർഡുകൾ ആരംഭിക്കും എന്ന അറിയിപ്പിന് താഴെ ശാലിനി ശ്രീനാഥ് എന്ന യുവതിയുടെ കുറിപ്പ് ഇങ്ങനെ, 'ടീച്ചർ ഞാനും നഴ്സിം​ഗ് പഠിച്ചതാണ്. വർ‌ക്ക് ചെയ്യുന്നില്ല. കൊറോണ രോ​ഗികളെ നോക്കാൻ ഐസോലേഷൻ വാർഡിലോ ഒബ്സർവേഷൻ വാർഡിലോ മറ്റെവിടെ എന്തെങ്കിലും തരത്തിൽ സ്റ്റാഫിന്റെ കുറവോ പോരായ്മയോ വന്നാൽ ഞാനും വരാം. സാലറി ഒന്നും വേണ്ട. നമുക്ക് ഒറ്റക്കെട്ടായി നേരിടാം. ഓൾവെയ്സ് വിത്ത് യൂ മാഡ‍ം.' ഇത്തരത്തിൽ നൂറുകണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നിപ്പയെയും പ്രളയത്തെയും അതിജീവിച്ച കേരളം കൊറോണയെയും അതിജീവിക്കുമെന്ന ആത്മവിശ്വാസം നിറഞ്ഞ വാക്കുകളാണ് ഓരോരുത്തരും പറയുന്നത്. മൊബൈൽ നമ്പർ ഉൾപ്പെടെയാണ് മിക്കവരുടെയും പ്രതികരണം. കേരളം സർവ്വശക്തിയും സംഭരിച്ചാണ് കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. പതിനാല് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചങ്കിലും ഇതുവരെ ആളപായമൊന്നും സംഭവിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന്റെയും ആരോ​ഗ്യവകുപ്പിന്റെയും കൃത്യവും സജീവവുമായ ഇടപെടലാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കോറോണയെ പ്രതിരോധിക്കുന്നതിൽ ദേശീയ അന്തർദ്ദേശീയ തലത്തിൽ കേരളം ചർച്ചാവിഷയമായിക്കഴിഞ്ഞിട്ടുണ്ട്.