ദില്ലി: യുകെയിൽ നിന്നെത്തി ദില്ലി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളായ യാത്രക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി. ദില്ലി സർക്കാർ മുന്നറിയിപ്പ് ഇല്ലാതെ പുറപ്പെടുവിച്ച ക്വാറന്റീൻ നിർദേശത്തെ തുടർന്ന് ഇരൂന്നൂറിൽ അധികം പേർ വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയാണ് തിരികെ പോവാൻ അനുവദിച്ചത്. ഇന്ന് വൈകീട്ട് കൊച്ചിക്കുള്ള വിമാനത്തിൽ ഇവർ തിരികെ പോകും.

യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ ഇന്നലെയാണ് വീണ്ടും തുടങ്ങിയത്. ബ്രിട്ടണിൽ നിന്നെത്തിയവർ ദില്ലിയിൽ ക്വാറൻ്റീനിൽ കഴിയണമെന്ന നിർദേശം വന്നത്ത് മലയാളികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് വിനയായി. കേന്ദ്രത്തിൻ്റെ നിർദേശമനുസരിച്ച് ദില്ലി വിമാനത്താവളത്തിൽ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയവർക്ക് വീട്ടിൽ ക്വാറൻ്റീൻ മതി. എന്നാൽ ആദ്യ വിമാനം ദില്ലിയിലെത്തിയതിന് ശേഷം ദില്ലി ദുരന്ത നിവാരണ അതോറിറ്റി പുതിയ ഉത്തരവിറക്കുകയായിരുന്നു. ഇത് പ്രകാരം ദില്ലിയിലെത്തുന്ന എല്ലാ യാത്രക്കാർക്കും 7 ദിവസം ദില്ലിയിൽ ക്വാറൻ്റീൻ നിർബന്ധമാണ്.  

നിർദേശം അറിഞ്ഞിരുന്നെങ്കിൽ ദില്ലിയിലേക്ക് വരില്ലായിരുന്നു എന്നാണ് യാത്രക്കാരുടെ പക്ഷം. ബോർഡിങ്ങ് പാസും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വിഷയത്തിൽ കെ സുധാകരൻ എംപി ഇന്നലെ രാത്രി തന്നെ ഇടപെട്ടിരുന്നു. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി കെ സുധാകരൻ സംസാരിച്ചു. പിന്നാലയാണ് ഫലം നെഗറ്റീവ് ആണെങ്കിൽ യാത്രക്കാർക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്.