തിരുവനന്തപുരം: ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഡിജിലോക്കര്‍ സംവിധാനത്തില്‍ സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി. ഉപയോക്താക്കളിൽ ആരുടെ അക്കൗണ്ടിലേക്കും കടന്നുകയറാവുന്ന ഗുരുതര വീഴ്ചയാണ് ഏറ്റുമാനൂര്‍ സ്വദേശിയായ മോഹേഷ് മോഹന്‍ കണ്ടെത്തി അധികൃതരെ അറിയിച്ചത്.

വോട്ടോഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് നല്കുന്ന സംവിധാനമാണ് ഡിജിലോക്കര്‍. ഈ ആപ്പില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ എവിടേയും ലഭ്യമാക്കാം. ഡിജിലോക്കറിലെ 3.8 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താവുന്ന സുരക്ഷാ പിഴവാണ് കണ്ടെത്തിയത്. ദുബായ് സര്‍ക്കാറിന്‍റെ സാങ്കേതിക വിഭാഗമായ സ്മാര്‍ട്ട് ദുബായില്‍ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റാണ് മോഹേഷ് മോഹന്‍.

370 കോടി ഡോക്യുമെന്‍റുകള്‍ ഡിജിലോക്കറില്‍ സൂക്ഷിച്ചിട്ടുണ്ടന്നാണ് കണക്ക്. ഒടിപിയും ആറക്ക പിന്‍ നമ്പറും നല്‍കിയാല്‍ മാത്രമേ ഡിജിലോക്കര്‍ രേഖകള്‍ സൂക്ഷിക്കുന്ന ക്ലൗഡ് സ്റ്റോറേജില്‍ ഉപഭോക്താവിന് കയറാനാകൂ. എന്നാല്‍ ഇതൊന്നുമില്ലാതെ ആരുടെ അക്കൗണ്ടിലേക്കും കടന്ന് കയറാവുന്ന ഗുരുതര സുരക്ഷാ വീഴ്ചയാണ് മോഹേഷ് കണ്ടെത്തിയത്. ഇപ്പോള്‍ ഈ സുരക്ഷാ വീഴ്ച പരിഹരിച്ചതായി അധികൃതര്‍ മോഹേഷിനെ അറിയിച്ചിട്ടുണ്ട്.