ജമ്മു കശ്മീരിലെ ബഡ്ഗാം ( BUDGAM) ജില്ലയുടെ പൊലീസ് മേധാവിയായി മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ.കെ ഹരിപ്രസാദ് ചുമതലയേറ്റു. നേരത്തെ ബാരാമുള്ള അഡീഷണൽ എസ് പി ആയിരുന്നു. ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിപ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്‍റെ പ്രശംസനേടിയ ഉദ്യോഗസ്ഥനാണ്

ദില്ലി:ജമ്മു കശ്മീരിലെ ബഡ്ഗാം ( BUDGAM) ജില്ലയുടെ പൊലീസ് മേധാവിയായി മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ.കെ ഹരിപ്രസാദ് ചുമതലയേറ്റു. നേരത്തെ ബാരാമുള്ള അഡീഷണൽ എസ് പി ആയിരുന്നു. ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിപ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്‍റെ പ്രശംസനേടിയ ഉദ്യോഗസ്ഥനാണ്. 2021 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥാനായ ഹരിപ്രസാദ് കണ്ണൂര്‍ സ്വദേശിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിലാത്തറ കൈരളി നഗറിലെ റിട്ട. ഡിഇഒ വി വി കുഞ്ഞിക്കണ്ണന്‍റെയും ജിവിഎച്ച് എസ് എസ് തൃക്കരിപ്പൂരിലെ അധ്യാപികയായിരുന്ന കെ കെ ഗിരിജയുടെയും മകനായ കെ കെ ഹരിപ്രസാദ് കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിന് ശേഷം തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചനീയറിംഗിൽ നിന്നാണ് ബിടെക് ബിരുദം നേടിയത്. സൂറത്കൽ ഐഐടിയിൽ നിന്നാണ് എൻജിനീയറിംഗിൽ എംടെക്ക് സ്വന്തമാക്കിയത്. കരസേനയുടെ ടെക്ക്നിക്കൽ വിഭാഗത്തിൽ ഓഫീസർ റാങ്കിലേക്കുള്ള പരിശീലത്തിനിടെ മെഡിക്കൽ സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സൈനിക സേവനം ആഗ്രഹിച്ച ഹരിപ്രസാദ് പിന്നീട് തിരുവനന്തപുരത്തെത്തി സിവിൽ സര്‍വീസ് പരിശീലന നടത്തുകയും 2021ലെ റാങ്ക് പട്ടികയിൽ 421ാം റാങ്ക് നേടുകയും ചെയ്തു. അങ്ങനെയാണ് ഇന്ത്യൻ പൊലീസ് സര്‍വീസിലേക്കെത്തുന്നത്. ഹരിപ്രസാദിന്‍റെ ആദ്യ നിയമനം ജമ്മു കശ്മീരിലായിരുന്നു. ദില്ലിയിൽ നടന്ന ജി 20 ഉച്ചകോടിയിലെ സുരക്ഷ ചുമതലയിലും ഹരിപ്രസാദ് നിയോഗിക്കപ്പെട്ടിട്ടുണ്ട്. 

ജമ്മു കശ്മീരിലെ കോത്തിബാഗിൽ ഹരിപ്രസാദ് അഡീഷണൽ എസ് പിയായിരിക്കെയാണ് ശ്രീനഗറിലെ ഞായറാഴ്ച മാർക്കറ്റിൽ സ്ഫോടനമുണ്ടായത്. ഇതിന്‍റെ അന്വേഷണത്തിനടക്കം നേതൃത്വം നൽകിയിരുന്നു. ജമ്മു കശ്മീർ പൊലീസിന്‍റെ സെപ്ഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്‍റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചായിരുന്നു പിന്നീട് ഓപ്പറേഷൻ സിന്ദൂറിനുശേഷമുള്ള സംഘർഷ സാഹചര്യത്തിൽ ബാരാമുള്ളയിലേക്ക് ഹരിപ്രസാദിന് സ്ഥലം മാറ്റം ലഭിക്കുന്നത്. നിയന്ത്രണരേഖയ്ക്ക് ഇപ്പുറം ഗ്രാമങ്ങളിൽ നിന്ന് യുദ്ധക്കാല അടിസ്ഥാനത്തിൽ ആളുകളെ ഒഴിപ്പിക്കേണ്ട അതീവ സങ്കീര്‍ണമായ സാഹചര്യത്തിനിടെയാണ് കെ കെ ഹരിപ്രസാദ് ബാരാമുള്ളയിലെ അഡീഷണൽ എസ് പിയായി ചുമതലയേൽക്കുന്നത്. കെകെ ഹരിപ്രസാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു പ്രദേശവാസികളെ ബങ്കറുകളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചത്. ഭാര്യ നയൻതാര രാജീവ്, മാധ്യമപ്രവർത്തകയാണ്.

YouTube video player