പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും

തിരുവനന്തപുരം: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന് നടക്കും. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിക്കും. പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം പകൽ 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിലെത്തിക്കും. തുടര്‍ന്ന് പള്ളിയിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കും.

പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരിക്കും സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുക.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് വ്യോമസേന വിമാനത്തിൽ തോമസ് ചെറിയാന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

1965ലാണ്‌ തോമസ്‌ ചെറിയാൻ സേനയിൽ ചേർന്നത്‌.ചണ്ഡീഗഢിൽനിന്ന്‌ ലേ ലഡാക്കിലേക്ക്‌ സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തിൽപ്പെട്ട്‌ മഞ്ഞുമലയിൽ കാണാതായത്‌. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ്‌ ചെറിയാന് 22 വയസുള്ളപ്പോഴാണ് സംഭവം നടക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ്‌ മഞ്ഞുമലകൾക്കടിയിൽനിന്ന് മൃതദേഹം കണ്ടെടുക്കുന്നത്. അപകടത്തിൽ കാണാതായ മറ്റു സൈനികര്‍ക്കായി ഇപ്പോഴും തെരച്ചിൽ തുടരുന്നുണ്ട്.

56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

Asianet News Live | PR Controversy | Pinarayi Vijayan | PV Anvar | Malayalam News Live