കൊച്ചി: എറണാകുളം മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ മൂന്നു പേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. വിജയ പാറമട മാനേജർ ഷിജിൽ, എം.ഡി. ദീപക്‌, സാബു എന്നിവരാണ് കാലടി പൊലീസിന്റെ പിടിയിലായത്. പാറമട ഉടമ ബെന്നിയെ ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചവരാണ് ദീപകും സാബുവും. 

വിജയ പാറമട  ഉടമ ബെന്നി പുത്തേൻ കഴിഞ്ഞ ദിവസമാണ് ബം​ഗളൂരുവില്‌‍ നിന്ന് പിടിയിലായത്. ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. കാലടി സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.   തഹസീൽദാരുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എക്സ്പ്ളോസീവ്സ് ആക്റ്റ് പ്രകാരമാണ് അന്വേഷണം.

പാറമടയോട് ചേര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തില്‍ ഈ മാസം 21ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്നാട് സേലം സ്വദേശി പെരിയണ്ണനും കര്‍ണ്ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി. നാഗയുമാണ് മരിച്ചത്. വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പെട്രോളിയം ആന്‍റ് എക്സ്പ്ലോസീവ്സ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനും അന്വേഷണം നടത്തുന്നുണ്ട്.  ബെന്നിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.