തിരുവനന്തപുരം: റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വരുത്തിയ പിഴവിലൂടെ സംസ്ഥാന സര്‍ക്കാരിന് കനത്ത നഷ്ടം വരുത്തിവച്ച മലേഷ്യന്‍ കമ്പനിക്ക് കനത്ത പിഴ. സംസ്ഥാന സര്‍ക്കാരിന് 19.68 കോടി രൂപ പിഴ ചുമത്താന്‍ വിൽബർ സ്മിത്ത് കമ്പനിയോട് ആര്‍ബിട്രൽ ട്രിബ്യുണലിന്റേതാണ് വിധി.

പ്രൊജക്റ്റ്‌ റിപ്പോർട്ടും, ഡിസൈനും തയ്യാറാക്കിയതില്‍ കമ്പനി വരുത്തിയ പിഴവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിധി. തെറ്റായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ നൽകിയതിലൂടെ ഏഴ് റോഡുകളുടെ നിർമാണത്തിൽ സംസ്ഥാന സർക്കാരിന് നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാരിലേക്ക് അടക്കുന്ന നഷ്ടപരിഹാരത്തിന് പുറമെ കോടതി ചെലവിലേക്ക് 18.34 ലക്ഷം രൂപയും കമ്പനി നൽകണം.

മുന്‍കാല പ്രാബല്യത്തോടെ, 2017 മാര്‍ച്ച് 31 മുതല്‍ പിഴത്തുകയുടെ ഒൻപത് ശതമാനം പലിശയും കമ്പനി സര്‍ക്കാരിലേക്ക് അടക്കണം. കെഎസ്ടിപി പദ്ധതി വഴി പൂര്‍ത്തീകരിച്ച റോഡുകളുമായി ബന്ധപ്പെട്ടായിരുന്നു കേസ്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻകെ ബാലകൃഷ്ണന്റേതാണ് വിധി.

പൊൻകുന്നം-തൊടുപുഴ, തലശേരി-വളവുപാറ,  പിലാത്തറ - പാപ്പിനിശേരി, കാഞ്ഞങ്ങാട് - കാസര്‍കോട്, തിരുവല്ല ബൈപ്പാസ്, പൊന്നാനി വരെയുള്ള സംസ്ഥാന ഹൈവേ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കേസ്. കമ്പനി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും സിവില്‍ വര്‍ക്കിനിടയില്‍ ഇതില്‍ വലിയ അപാകതകളുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന്  തലശേരി-വളവുപാറ റോഡടക്കം നിര്‍മ്മാണം പൂര്‍ത്തിയാക്കാനായില്ല. ഈ സാഹചര്യത്തിള്‍ ആര്‍ബിട്രൽ ട്രിബ്യൂണല്‍ രൂപീകരിക്കാൻ അനുവാദം തേടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് ജസ്റ്റിസ് എൻകെ ബാലകൃഷ്ണനെ നിയമിച്ചത്.

പാലക്കാട് ഐഐടിയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയിലാണ് പ്രൊജക്ട് റിപ്പോര്‍ട്ടില്‍ തകരാറുണ്ടെന്ന് മനസിലായത്. ജിയോഗ്രഫിക്കൽ പരിശോധന നടത്തുന്നതില്‍ കമ്പനി വരുത്തിയ ഗുരുതര വീഴ്ച വാദപ്രതിവാദത്തിനിടെ സര്‍ക്കാരിന്റെ അഭിഭാഷകന്‍ അഡ്വ മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി.