ഹരിദാസന്റെ ദുരവസ്ഥ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷം പ്രതിപക്ഷ നേതാവിന്റെ ഓഫീസ് മലേഷ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ ഇടപെടലാണ് മോചനം സാധ്യമാക്കിയത്
ആലപ്പുഴ: ജോലിക്ക് മലേഷ്യയിലെത്തി തൊഴിലുടമയുടെ കൊടിയ പീഡനത്തിന് ഇരയായ ആലപ്പുഴ സ്വദേശി തിരികെ നാട്ടിലേക്ക്. ഹരിപ്പാടിനടുത്ത് പള്ളിപ്പാട് സ്വദേശി ഹരിദാസൻ ചെന്നൈയിലെത്തി. ഹരിദാസന്റെ ദുരവസ്ഥ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷൻ പ്രവർത്തകർ നേരിട്ടെത്തി ഹരിദാസിനെ കണ്ടിരുന്നു. ഇതാണ് ഹരിദാസിന്റെ മോചനം സാധ്യമാക്കിയത്. ചെന്നൈയിലെത്തിയ ഹരിദാസൻ ഹരിപ്പാടുള്ള ബന്ധുക്കളെ ഫോണിൽ വിളിച്ചു.
പ്രതിപക്ഷ നേതാവും മലേഷ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. മലേഷ്യയിൽ ബാർബർ ജോലിക്ക് പോയ ഹരിദാസിനെ ശമ്പളം ചോദിച്ചതിനാണ് തൊഴിലുടമ ക്രൂരമായി പീഡിപ്പിച്ചത്. ദേഹമാസകലം പൊള്ളലേൽപ്പിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നാല് വർഷമായി ഹരിദാസൻ മലേഷ്യയിൽ പോയിട്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴി ബാർബർ ജോലിക്കായാണ് പോയത്. എന്നാൽ വേതനം സ്ഥിരമായി കിട്ടുന്നില്ലായിരുന്നു. വല്ലപ്പോഴും കിട്ടുന്ന ചെറിയ തുകകൾ ഏജൻസി വഴി നാട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ ആറ് മാസമായി ഇദ്ദേഹത്തിന് തീരെ പണം ലഭിച്ചിരുന്നില്ല. മൂന്ന് മാസമായി ഇദ്ദേഹത്തെ കുറിച്ച് ബന്ധുക്കൾക്ക് യാതൊരു വിവരവും ലഭിച്ചില്ല. ഹരിദാസന്റെ പാസ്പോർട്ടും മറ്റ് രേഖകളും തൊഴിലുടമയുടെ കൈവശമായതിനാൽ ഇയാൾക്ക് തിരികെ വരാനുള്ള വഴികളും അടഞ്ഞു.
ഇതിനിടെയാണ് തൊഴിലുടമയുടെ പീഡനം. ശരീരമാസകലം പൊള്ളലേൽപ്പിച്ച ഹരിദാസിനെ ഒരാഴ്ചയോളം മരുന്നൊന്നും കൊടുക്കാതെ പീഡിപ്പിച്ചു. ഒരാഴ്ചയോളം നിന്നുകൊണ്ട് ഉറങ്ങുകയായിരുന്നു ഇയാളെന്ന് ഭാര്യ പറഞ്ഞു. സുഹൃത്ത് വഴി തന്റെ ചിത്രങ്ങൾ ഹരിദാസ് നാട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിലൂടെയാണ് ക്രൂരത പുറത്തറിഞ്ഞത്. കുഞ്ഞുങ്ങൾക്ക് വേണ്ടി പോയതാണ് ഹരിദാസനെന്നും ഇങ്ങിനെയൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിദാസന്റെ ഭാര്യ പറഞ്ഞു.
