Asianet News MalayalamAsianet News Malayalam

രാജ്യത്ത് ബിജെപിക്കെതിരായ അതിശക്തമായ അടിയൊഴുക്ക്; മോദിയുടെ വർഗീയ-വിദ്വേഷ പ്രസംഗത്തിന്‍റെ കാരണമതെന്നും ഖര്‍ഗെ

'മക്കളുടെ എണ്ണവും മംഗല്യസൂത്രവുമൊക്കെ പറഞ്ഞാണ് മോദി ഇപ്പോള്‍ വോട്ടുപിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ആരെ ലക്ഷ്യമിട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. മുസ്ലിം വിരുദ്ധ പ്രചരണം വോട്ടാക്കി മാറ്റാനാണ് മോദിയുടെ ശ്രമം'

mallikarjun kharge against pm modi and bjp on lok sabha election 2024 campaign kerala
Author
First Published Apr 24, 2024, 3:36 PM IST

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ബിജെപിക്കെതിരായ അതിശക്തമായ അടിയൊഴുക്കുണ്ടെന്നും അത് ഇന്ത്യാ മുന്നണിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഈ അടിയൊഴുക്ക് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗീയ-വിദ്വേഷ പ്രസംഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

മട്ടന്നൂരിൽ കണ്ടെടുത്ത ബക്കറ്റിലെ 9 സ്റ്റീൽ ബോംബുകൾ, പോളിംഗ് ദിനം കണ്ണൂരിൽ കേന്ദ്രസേന വേണമെന്ന് യുഡിഎഫ്

മക്കളുടെ എണ്ണവും മംഗല്യസൂത്രവുമൊക്കെ പറഞ്ഞാണ് മോദി ഇപ്പോള്‍ വോട്ടുപിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ആരെ ലക്ഷ്യമിട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. മുസ്ലിം വിരുദ്ധ പ്രചരണം വോട്ടാക്കി മാറ്റാനാണ് മോദിയുടെ ശ്രമം. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് കാണാന്‍ പാടില്ല. മുസ്ലീങ്ങള്‍ക്കെതിരായ പരാമര്‍ശം തെറ്റായ രാഷ്ട്രീയമാണ്. ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്.

ഗ്യാരന്റികള്‍ നല്‍കുക എന്നതു മാത്രമാണ് മോദിയുടെ ഗ്യാരന്റി. വര്‍ഷം തോറും രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍, അക്കൗണ്ടില്‍ 15 ലക്ഷം രൂപ, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നെല്ലാമാണ് മുമ്പ് മോദി പറഞ്ഞിരുന്നത്. ഇതെല്ലാം എന്തായെന്ന് ഖാര്‍ഗെ ചോദിച്ചു. മോദി ഒരു പെരുംനുണയനാണ്. അദ്ദേഹം നിരന്തരമായി കള്ളം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. വില കുറഞ്ഞ രാഷ്ട്രീയക്കാരനെപ്പോലെയാണ് മോദി പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവുമാണ് രാജ്യത്തെ പ്രധാനപ്രശ്‌നം.  എന്നാല്‍ അതേക്കുറിച്ച് മോദി മിണ്ടുന്നതേയില്ല. കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കുന്ന ഉറപ്പുകളാണ്. കര്‍ണാടക, തെലങ്കാന, ഹിമാചല്‍ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. അവിടെയെല്ലാം അധികാരത്തില്‍ വന്നയുടനെ തന്നെ കോണ്‍ഗ്രസ്  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്നും ഖാര്‍ഗെ പറഞ്ഞു.

പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതുമെല്ലാം മോദിയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളില്‍ പരിഹാരമില്ല. മോദിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദമാണ്. കേരളത്തില്‍ യുഡിഎഫ് ഇരുപതില്‍ 20 സീറ്റും ജയിക്കും. യുഡിഎഫിന്റെ സ്ഥാനാര്‍ഥികളെല്ലാം മികച്ചവരും പോരാളികളുമാണ്-  അദ്ദേഹം ചൂണ്ടിക്കാട്ടി.

കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios