സഹിക്കാവുന്നതിന് അപ്പുറം എത്തിയപ്പോഴാണ് ഇങ്ങിനെ പ്രതികരിക്കേണ്ടി വന്നതെന്ന് ഡോണ്‍ പ്രതികരിച്ചു
കായംകുളം: തനിക്കെതിരെ അപവാദപ്രചരണം നടത്തിയ നാട്ടുകാര്‍ക്കെതിരെ കവലയില്‍ മൈക്ക് വെച്ച് അസഭ്യവര്‍ഷം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തില്ല. കായംകുളം കീരിക്കാട് സ്വദേശീ ഡോണ്‍ രവീന്ദ്രന്‍റെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടും പരാതിയില്ലാതെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
കായംകുളം കീരിക്കാട് സ്വദേശീയാണ് ഡോണ്‍ രവീന്ദ്രന്‍. പ്രവാസിയായിരുന്ന ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയ ശേഷം പണിയില്ലാതെ ഒരു വര്‍ഷം കഷ്ടപ്പെട്ടു. പിന്നീട് ചെറിയ ബിസിനസുകൾ ചെയ്തു. പിന്നാലെ സ്ഥലം വാങ്ങി വീട് വെച്ചു. വീടിന് കല്ലിട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് നാട്ടുകാരുടെ വക അപവാദം പറച്ചില്‍. ചായക്കടയിലും കവലയിലും എല്ലാം അപവാദം. സ്ത്രീകളുമായി അവിഹിത ബന്ധം, പണം കടം വാങ്ങിയ ശേഷം ചിറ്റപ്പനെ തല്ലി, പാലുകാച്ചിലിന് 25 ലക്ഷം കിട്ടി എന്നിങ്ങനെ അപവാദങ്ങളുടെ പെരുമഴ.
അപവാദങ്ങളിൽ സഹികെട്ട ഡോൺ, അടുത്ത വീട്ടിലെ കുട്ടികള്‍ തിരുവാതിര പരിശീലിച്ച് കൊണ്ടിരുന്ന മൈക്ക് വാങ്ങി. നേരെ പ്രദേശത്ത് ആള് കൂടുന്ന ചായക്കടയുടെ മുന്നിലെത്തി പ്രസംഗം തുടങ്ങി. മുഴുവൻ അസഭ്യ വര്‍ഷം. സഹിക്കാവുന്നതിന് അപ്പുറം എത്തിയപ്പോഴാണ് ഇങ്ങിനെ പ്രതികരിക്കേണ്ടി വന്നതെന്ന് ഡോണ്‍ പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിൽ സംഭവം വൈറലായിട്ടും കായംകുളം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. കേസെടുക്കണമെങ്കില്‍പരാതി വേണമെന്നാണ് പൊലീസ് നിലപാട്.
