സെര്‍വിക്കല്‍ ഡിസ്റ്റോനിയ എന്ന അപൂര്‍വ രോഗമാണ് ഈ മുപ്പത്തൊമ്പതുകാരന്‍റെ കഴുത്ത് ഈ വിധമാക്കിയത്. സ്വതന്ത്രമായി ആഹാരം കഴിക്കാനാവില്ല. നടക്കാനാവില്ല. അടക്കി പിടിക്കുന്ന വേദനയ്ക്ക് അളവുമില്ല.

തിരുവനന്തപുരം: മൂന്ന് മാസം കൂടുമ്പോള്‍ മുപ്പത്തി മൂവായിരത്തോളം രൂപ ചെലവ് വരുന്ന മരുന്ന് കുത്തിവെച്ചാലേ കൊല്ലം പുനലൂരുകാരന്‍ പ്രിന്‍സ് രാജന്‍ എന്ന ചെറുപ്പക്കാരന് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകൂ. മൂന്ന് കുഞ്ഞുമക്കളും ഭാര്യയും അടങ്ങുന്ന പ്രിന്‍സിന്‍റെ കുടുംബത്തിന് പക്ഷേ അന്നന്നത്തെ അന്നത്തിനുളള വക കണ്ടെത്താന്‍ പോലും കഴിയുന്നില്ല. അതുകൊണ്ടാണ് സെര്‍വിക്കല്‍ ഡിസ്റ്റോനിയ എന്ന അത്യപൂര്‍വ രോഗം ബാധിച്ച പ്രിന്‍സ് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നല്ല മനസുകളുടെ സഹായം അപേക്ഷിക്കുന്നത്.

പ്രിന്‍സിന്‍റെ കഴുത്ത് ഒരു വശത്തേക്ക് തിരിഞ്ഞു പോവുകയാണ്. സെര്‍വിക്കല്‍ ഡിസ്റ്റോനിയ എന്ന അപൂര്‍വ രോഗമാണ് ഈ മുപ്പത്തൊമ്പതുകാരന്‍റെ കഴുത്ത് ഈ വിധമാക്കിയത്. സ്വതന്ത്രമായി ആഹാരം കഴിക്കാനാവില്ല. നടക്കാനാവില്ല. കുഞ്ഞു മകനെ കയ്യിലെടുത്തൊന്ന് ഓമനിക്കാനാവില്ല. അടക്കി പിടിക്കുന്ന വേദനയ്ക്ക് അളവുമില്ല. വെല്‍ഡറായിരുന്നു പ്രിന്‍സ്. വിദേശത്ത് ജോലിയൊക്കെ ചെയ്ത് കുടുംബം രക്ഷപ്പെട്ടു വരുന്ന ഘട്ടത്തിലാണ് അപൂര്‍വ രോഗം പ്രിന്‍സിനെ തളര്‍ത്തിയത്. ഇഷ്ട ജോലി ചെയ്യാന്‍ കഴിയാതായതോടെ ലോട്ടറി കച്ചവടത്തിനു വരെ ഇറങ്ങി. പക്ഷേ അതിനു പോലും കഴിയാത്ത വിധം രോഗമിന്ന് ഈ ചെറുപ്പക്കാരനെ തളര്‍ത്തിയിരിക്കുന്നു.

തിരുവനന്തപുരം ശ്രീചിത്രയിലാണ് ചികിത്സ. രോഗം പൂര്‍ണമായും ഭേദപ്പെടുത്തുന്ന മരുന്നുകളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നു മാസത്തിലൊരിക്കല്‍ മുപ്പത്തി മൂവായിരം രൂപയോളം വില വരുന്ന കുത്തിവയ്പ്പെടുക്കുക മാത്രമാണ് പിടിച്ച് നില്‍ക്കാനുളള ഏക പോംവഴി. അതിനാണ് പ്രിന്‍സ് നമ്മുടെയൊക്കെ സഹായം തേടുന്നത്. പപ്പ ആരോഗ്യം വീണ്ടെടുക്കുന്നത് കാത്ത് സോനയും, സോജയും, ഷാരോണും പ്രതീക്ഷയോടെ ഇരുപ്പാണ്. കുഞ്ഞ് കണ്ണുകളിലെ ആ പ്രതീക്ഷ കെടാതിരിക്കാന്‍ വാര്‍ത്ത കാണുന്ന ഓരോരുത്തരുടെയും ചെറിയ സഹായങ്ങള്‍ക്ക് പോലും കഴിയും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.