ഹൽവ കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് വാൾ വീശിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ഇന്നലെ വൈകിട്ട് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. ഗുരുവായൂര്‍ സ്വദേശി രാഹുലിനെയാണ് ഗുരുവായൂര്‍ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കേനടയിലെ ഒരു കടയുടമയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാൾ വടിവാൾ വീശീയത്. ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തരടക്കം നോക്കി നിൽക്കുമ്പോൾ ആയിരുന്നു യുവാവിൻ്റെ വടിവാൾ വീശൽ. ഹൽവ കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് വാൾ വീശിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. അറസ്റ്റ് ചെയ്ത ശേഷം രാഹുലിനെ ജാമ്യത്തിൽ വിട്ടയച്ചു. രാഹുലുമായി തര്‍ക്കത്തിലേര്‍പ്പെട്ട കടയുടമയ്ക്ക് നേരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഗുരുവായൂരപ്പൻ്റെ ഥാർ ഇനി വിഘ്നേഷ് വിജയകുമാറിന്
ഗുരുവായൂർ: ഗുരുവായൂരിൽ മഹീന്ദ്ര കമ്പനി സമർപ്പിച്ച ഥാർ വാശിയേറിയ ലേലത്തിനൊടുവില്‍ 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശിയായ പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ സ്വന്തമാക്കി. അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് വിഘ്നേഷ് ഥാർ സ്വന്തമാക്കിയത്. എത്ര തുകയായാലും ഥാർ സ്വന്തമാക്കാനാണ് നിർദ്ദേശം ലഭിച്ചതെന്ന് ലേലത്തിൽ പങ്കെടുത്ത വിഘ്നേശിന്‍റെ പ്രതിനിധി അനൂപ് പറഞ്ഞു
പതിനഞ്ച് ലക്ഷം അടിസ്ഥാന വിലയില്‍ തുടങ്ങിയ ഥാര്‍, ലേലം ഉറപ്പിച്ചത് 43 ലക്ഷം രൂപയ്ക്ക്. പതിനാല് പേര്‍ പങ്കെടുത്ത പുനര്‍ ലേലത്തില്‍ അച്ഛനുമമ്മയ്ക്കുമായി വാഹനം ലേലം കൊണ്ടത് ദുബായിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്, റിയൽ എസ്റ്റേറ്റ്, പബ്ലിക് റിലേഷൻസ്, ട്രേഡിങ്ങ് തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന മലപ്പുറം അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാര്‍. വിഘ്നേഷിനായി അച്ഛന്‍ വിജയകുമാറും ജനറല്‍ മാനേജര്‍ അനൂപും ലേലത്തില്‍ പങ്കെടുത്തു.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയന്‍റെ സാന്നിധ്യത്തിൽ തെക്കേ നട പന്തലിൽ പതിനൊന്നു മണിയോടെയായിരുന്നു ലേല നടപടികള്‍ തുടങ്ങിയത്. നേരത്തെ ലേലം കൊണ്ട അമല്‍ ഉള്‍പ്പടെ പതിനഞ്ച് പേരാണ് ലേലത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായിരുന്നത്. അമല്‍ എത്താതിരുന്നതോടെ പതിനാല് പേരായി. അവസാന ലാപ്പില്‍ വാശിയോടെ പങ്കെടുത്തത് മൂന്നു പേര്‍
വിഘ്നേഷിന്‍റെ പ്രതിനിധി നാല്പത്തിമൂന്നു ലക്ഷം വിളിച്ചതോടെ മറ്റുള്ളവര്‍ പിന്മാറി. 4 ടെണ്ടർ ലഭിച്ചെങ്കിലും ലേലം കൊണ്ട തുകയേക്കാൾ കുറവായിരുന്നു. 43 ലക്ഷത്തിനൊപ്പം നിയമാനുസൃത ജി.എസ്.ടി യും വിഘ്നേഷ് നല്‍കണം. അടുത്ത ദിവസം ലേലത്തുകയുടെ പകുതി അടക്കണം. ബാക്കി തുക ഭരണ സമിതി അംഗീകാരത്തിനു ശേഷമുള്ള അറിയിപ്പ് ലഭിച്ച് 3 ദിവസത്തിനകം അടക്കണം. ലേലം അംഗീകരിച്ചു കൊണ്ടുള്ള ഭരണസമിതി തീരുമാനം ലഭിക്കുന്ന മുറയ്ക്ക് വാഹനം കൈമാറുമെന്ന് ദേവസ്വം അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഗുരുവായൂരില്‍ സമര്‍പ്പിച്ച ഥാറിന്‍റെ ആദ്യ ലേലത്തില്‍ അമല്‍ എന്ന പ്രവാസി വ്യവസായി മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് കോടതി ഇടപെടലോടെയായിരുന്നു പുനര്‍ ലേലം
