തളിക്കുളം പത്താംകല്ല് സ്വദേശി സജീവ് ആണ് അറസ്റ്റിലായത്. സഹോദരൻ റിജുമോനെയാണ് സജീവ് പൊലീസിൽ നിന്ന് രക്ഷപ്പെടുത്തിയത്. 

തൃശ്ശൂർ: വാറണ്ട് കേസിൽ അറസ്റ്റിലായ പ്രതിയെ ബലംപ്രയോഗിച്ച് രക്ഷപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. തളിക്കുളം പത്താംകല്ല് സ്വദേശി സജീവ് ആണ് അറസ്റ്റിലായത്. സഹോദരൻ റിജുമോനെയാണ് സജീവ് പൊലീസിൽ നിന്ന് രക്ഷപ്പെടുത്തിയത്. ജൂൺ ഒന്നിന് പത്താംകല്ലിൽ ‌വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

2017-ലെ ചെക്ക് കേസിൽ പ്രതിയായ റിജുമോനെതിരെ മൂന്നുതവണ ചാവക്കാട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചെക്ക് കേസിന് പിന്നാലെ വിദേശത്തേക്ക് കടന്ന റിജുമോൻ പിന്നീട് നാട്ടിലെത്തിയതായി പൊലീസിന് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ വാടാനപ്പള്ളി പൊലീസ് റിജുമോനെ പിടികൂടി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാറിലെത്തിയ സജീവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം റിജുമോനെ പൊലീസിൽ നിന്നും ബലംപ്രയോഗിച്ച് രക്ഷപ്പെടുത്തിയത്. റെജിമോൻ പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ നാല് പ്രതികളും ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. ഇതിനിടെ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് കേസിലെ മൂന്നാം പ്രതിയായ സജീവ് പിടിയിലായത്. റിജുമോനടക്കമുള്ള മറ്റ് മൂന്ന് പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചുട്ടുണ്ട്. പ്രതിയെ ചാവക്കാട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.