പാലക്കാട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 134 വ്യാജ ഫോണുകൾ ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ വച്ച് ആർപിഎഫ് പിടികൂടി. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ രമേശ് മോത്തി റാം, രാഹുൽ സീതാറാം എന്നിവരെ ആർപിഎഫ് അറസ്റ്റ് ചെയ്തു.

വിപണിയിൽ 15000 മുകളിലുളള അത്യാധുനിക ഫോണുകൾ ആണെന്ന് മാത്രമേ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ. എന്നാൽ വിശദമായ പരിശോധനയിൽ ഫോണുകൾ വ്യാജനാണെന്ന് മനസ്സിലാകും. മുംബൈയിൽ വച്ച് പ്രമുഖ കമ്പനികളുടെ ഫോണുകളുടെ അതേ മാതൃകയിൽ നിർമ്മിച്ചവയാണ് പിടികൂടിയ ഫോണുകളെല്ലാം.

ചെറിയ കച്ചവടക്കാരിലൂടെയാണ് ഇവയുടെ വിൽപന. വ്യാജ ഫോണുകൾ വിപണിയിൽ ധാരണമായി എത്തുന്നുണ്ടെന്ന് മൈബൈൽ വ്യാപാരികളും സമ്മതിക്കുന്നുണ്ട്. 160400 രൂപയ്ക്കാണ് ഫോണുകൾ മുബൈയിൽ നിന്നും പ്രതികൾ വാങ്ങിയിരിക്കുന്നത്. ഈ സംഘത്തിൽ നിന്ന് ഫോൺ വാങ്ങി വിൽപന നടത്തുന്നവരിലേക്ക് അന്വേഷണം ഉടനെത്തുമെന്ന് പൊലീസ് അറിയിച്ചു.