കാസർകോട്: കാസർകോട് നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ച മധ്യവയസ്കന്‍റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദനമേറ്റതിൻ്റെ കാര്യമായ പരിക്കുകളൊന്നും ശരീരത്തിലില്ല. ആന്തരിക പരിക്കുകളൊന്നും ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

ദേളി സ്വദേശിയും 48 കാരനുമായ റഫീക്കാണ് നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് റഫീക്കിന് മർദ്ദനമേറ്റത്. ആശുപത്രിയിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആശുപത്രിയിൽ നിന്ന് ഇയാൾ ഇറങ്ങി ഓടുന്നതിന്റെയും ആളുകൾ പിടിച്ചു തള്ളുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. സമീപത്തെ കടകളുടെയും മറ്റും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത് ശേഖരിച്ചത്. റഫീക്കിന്‍റെ ബന്ധുവിന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പം റഫീക്ക് ശല്യം ചെയ്തെന്ന് യുവതിയും പരാതി നൽകിയിട്ടുണ്ട്.

മർദ്ദനമേറ്റ റഫീക്കിനെ ഉച്ചക്ക് 1.45 ഓടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഡോക്ടർ പറഞ്ഞു.