കോന്നി റീജിയണൽ സഹകരണ ബാങ്കിലെ 11 ലക്ഷം നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യക്ക് ശ്രമിച്ചു
കോന്നി: കോന്നി റീജിയണൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്തു കഴിച്ച പത്തനംതിട്ട കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ( 64 ) വെൻ്റിലേറ്ററിൽ കഴിയുകയാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നു. എൽഡിഎഫ് ഭരിക്കുന്ന കോന്നി റീജ്യണൽ സഹകരണ ബാങ്കിൽ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്. മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല.
ഇന്നലെയും പണം ചോദിച്ച് ആനന്ദൻ ബാങ്കിൽ പോയിരുന്നുവെന്നും എന്നാൽ പണം കിട്ടിയില്ലെന്നും മകൾ സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ മനോവിഷമത്തിൽ വീട്ടിലെത്തിയ ശേഷമാണ് മദ്യത്തിൽ ഗുളികകൾ ചേർത്ത് കഴിച്ചത്. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകൾ പറഞ്ഞു.
ബാങ്കിൻ്റെ വിശദീകരണം
ഇന്നലെയും ആനന്ദൻ ബാങ്കിൽ വന്നതായി ബാങ്ക് സെക്രട്ടറി ഇൻ ചാർജ് എസ്.അഞ്ജലി സ്ഥിരീകരിക്കുന്നു. എന്നാൽ ഇന്നലെ ബാങ്കിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആനന്ദൻ മൂന്ന് മാസത്തെ പലിശ തുക വാങ്ങി മടങ്ങുകയായിരുന്നു. ബാങ്കിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്. കുറെ നിക്ഷേപകർക്ക് പണം കൊടുക്കാനുണ്ട്. ഏഴ് കോടിയോളം രൂപ ലോണിൽ കിട്ടാനുമുണ്ട്. എല്ലാവർക്കും പണം കൊടുക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്. ബാങ്ക് ജീവനക്കാരാരും ആനന്ദനോട് മോശമായി പെരുമാറിയിട്ടില്ലെന്നും അഞ്ജലി പ്രതികരിച്ചു.

