പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു

പത്തനംതിട്ട: പരുമലയിൽ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വെൺമണി പുന്തല സ്വദേശി മുഹമ്മദ് റാവുത്തറാണ് മരിച്ചത്. 60 വയസായിരുന്നു. ഡിസംബര്‍ 21 ന് രാത്രിയാണ് സംഭവം നടന്നത്. പരുമല വാലുപറമ്പിൽ വീട്ടിൽ മാർട്ടിൻ (48) ആണ് മുഹമ്മദ് റാവുത്തറെ മര്‍ദ്ദിച്ചത്. മാര്‍ട്ടിന്റെ തട്ടുകടയിൽ നിന്ന് ചായകുടിക്കാതെ വേറെ കടയിൽ നിന്ന് ചായ കുടിച്ചതാണ് വിരോധത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. മാര്‍ട്ടിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ റിമാന്റിൽ കഴിയുകയാണ്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്