കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ ജോലിക്കായി വിളിച്ചുവരുത്തി യുവാവിനെ നാട്ടുകാർ നഗ്നനാക്കി ക്രൂരമായി മർദിച്ചെന്ന് പരാതി. മർദനത്തില്‍ കൈയൊടിഞ്ഞ യുവാവ് നല്‍കിയ പരാതിയില്‍ മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അതേസമയം ഇതേ യുവാവിനെതിരെ സ്ത്രീകളെ ശല്യം ചെയ്തതിന് നാട്ടുകാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. സുല്‍ത്താന്‍ബത്തേരി വാകേരിയില്‍ ട്രാക്ടർ ഡ്രൈവറായി ജോലിചെയ്യുന്ന യുവാവിനെ രാത്രി നാട്ടുകാരിയായ യുവതി ജോലിക്കായി വിളിച്ചുവരുത്തിയെന്നും , വീടിനടുത്തെത്തിയപ്പോള്‍ സ്ത്രീകളടക്കം 20 പേരോളം ചേർന്ന് ക്രൂരമായി മർദിച്ചെന്നുമാണ് പരാതി. നഗ്നനാക്കി കൈയും കാലും കെട്ടിയിട്ടാണ് മർദിച്ചത്. മർദനത്തില്‍ കൈയൊടിഞ്ഞ യുവാവിനെ പോലീസെത്തിയാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പോലീസുകാരുടെ മുന്നിലിട്ടും സ്ത്രീകളടക്കം തന്നെ മർദിച്ചതായി യുവാവ് പറഞ്ഞു.

യുവാവ് നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളേ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളൂ. എന്നാല്‍ പ്രദേശത്ത് ഏറെ നാളായി ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്യാനായി എത്താറുണ്ടെന്നാണ് നാട്ടുകാരില്‍ ചിലരുടെ പരാതി. നഗ്നനായി രാത്രി പ്രദേശത്തെത്തിയ ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവാണെന്നും ഒരു സ്ത്രീയടക്കം നാട്ടുകാരായ നാല് പേർ മീനങ്ങാടി പൊലീസില്‍ പരാതി എഴുതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.