ഇടുക്കി: ഉടുമ്പൻചോലയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കാരിത്തോട് സ്വദേശികളായ ജോബിൻ, അനന്ദു, ജസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. കാരിത്തോട് സ്വദേശി വിഷ്ണു തൂങ്ങി മരിച്ച കേസിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളുടെ മർദ്ദനത്തിൽ മനംനൊന്ത് വിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കേസ്. അറസ്റ്റിലായ മൂന്ന് പേരും വിഷ്ണുവിന്റെ സുഹൃത്തുക്കളാണ്.

കഴിഞ്ഞ വർഷം ഡിസംബർ 28-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവം നടന്ന ദിവസം മദ്യപിച്ചുകൊണ്ടിരിക്കെ പ്രതികളും വിഷ്ണുവും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതികളുടെ ക്രൂരമർദ്ദനത്തിന് ഇരയായ വിഷ്ണു അന്ന് വൈകീട്ട് വീടിന് അടുത്തെ തോട്ടത്തിൽ തൂങ്ങി മരിച്ചു.

സംഭവത്തിൽ ശാന്തൻപാറ പൊലീസിൽ വിഷ്ണുവിന്റെ കുടുംബം തൊട്ടടുത്ത ദിവസം തന്നെ പരാതി നൽകി. എന്നാൽ പരാതിയിൽ പൊലീസ്  നടപടിയൊന്നുമുണ്ടായില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്നാരോപിച്ച് എസ്പിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. വിഷ്ണുവിന്റെ മർദ്ദിച്ചതായി പ്രതികൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. മർദ്ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.