കൊല്ലം: കൊല്ലത്ത് ഇന്ന് കൊവിഡ് മുക്തനായ ആള്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുളത്തൂപ്പുഴ സ്വദേശി പദ്മനാഭനാണ് മരിച്ചത്. ഇന്ന് രോഗമുക്തരായവരുടെ കൂട്ടത്തിൽ പദ്മനാഭനും ഉണ്ടായിരുന്നു. എന്നാല്‍ രക്തത്തിൽ ഇഎസ്ആർ കൗണ്ട് കൂടിയത് അടക്കമുള്ള  മറ്റ്‌ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഡിസ്ചാർജ് ചെയ്തിരുന്നില്ല. രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട പദ്മനാഭനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  കൊവിഡ് രോഗം ഭേദമായെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സംസ്കാരം നടത്തുക.