ഇന്നലെ രാവിലെ 11 മണിക്കാണ് ഭാസ്കരനും ഭാര്യ പൊന്നമ്മയും രണ്ടാം ഡോസ് കൊവിഷിൽഡ് വാക്‌സീൻ സ്വീകരിക്കാൻ കരുവാറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. 

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ കോവിഡ് വാക്‌സിൻ വിതരണത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച. 65-കാരന് രണ്ടാംഡോസ് വാക്‌സിൻ ഒരേ ദിവസം രണ്ടുതവണ കുത്തിവെച്ചതായാണ് പരാതി. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കരുവാറ്റ സ്വദേശി ഭാസ്‌കരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഉദ്യോഗസ്ഥരോട് റിപ്പോർട് തേടി. 

ഇന്നലെ രാവിലെ 11 മണിക്കാണ് ഭാസ്കരനും ഭാര്യ പൊന്നമ്മയും രണ്ടാം ഡോസ് കൊവിഷിൽഡ് വാക്‌സീൻ സ്വീകരിക്കാൻ കരുവാറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. തിരക്ക് ഒഴിവാക്കാൻ മീറ്ററുകളുടെ മാത്രം വ്യത്യാസത്തിൽ 2 വാക്‌സിൻ വിതരണ കൗണ്ടറുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ കൗണ്ടറിൽ നിന്ന് ഭാസ്കരൻ വാക്‌സിൻ സ്വീകരിച്ചു. ശേഷം രണ്ടാം കൗണ്ടറിൽ എത്തിയപ്പോൾ വീണ്ടും വാക്‌സിൻ കുത്തിവെക്കുകയായിരുന്നു. വിശ്രമശേഷം പുറത്തിറങ്ങി ഭാര്യയുമായി സംസാരിച്ചപ്പോഴാണ് രണ്ടുതവണ വാക്‌സിൻ കുത്തിവെച്ചെന്ന് മനസിലായത്.

രണ്ട് തവണ വാക്സീനെടുത്തതിന് പിന്നാലെ രക്തസമ്മർദ്ദം കൂടുകയും മൂത്രതടസം ഉണ്ടാവുകയും ചെയ്തതോടെ ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് ആരോപണം. എന്നാൽ കുത്തിവെപ്പിന് ശേഷം ഭാസ്കരൻ വിശ്രമ മുറിയിലേക്ക് പോകുന്നതിന് പകരം രണ്ടാം കൗണ്ടറിലേക്ക് വന്നുവെന്നും കൃത്യമായി ആശയവിനിമയം നടന്നില്ലെന്നും ആണ് ആരോഗ്യവകുപ്പ് ജീവനക്കാർ പറയുന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രിക്കടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona