തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ (45) ആണ് എസ്.എ.റ്റി ആശുപത്രിയുടെ നഴ്സിങ് ഹോസ്റ്റലിന് പിറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.   ഇയാളുടെ മകൾ ദേവു ചന്ദന എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന ഗുരുതര രോ​ഗമാണ് ദേവുവിന്. നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് ചുവട് വച്ച് സമൂഹമാധ്യമങ്ങളിൽ‌ വൈറലായിരുന്നു ദേവു.

അഞ്ച് ദിവസം മുമ്പാണ് ദേവു വീട്ടിൽ കുഴഞ്ഞ് വീണത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതര രോഗബാധ കണ്ടെത്തിയത്. മൂന്ന് ദിവസം കൊണ്ട് വളരെയധികം തുക ചികിത്സയ്ക്കായി വേണ്ടി വന്നിരുന്നു. മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പെയിന്റിം​ഗ് തൊഴിലാളിയായ ചന്ദ്രബാബു. കുട്ടിയുടെ ചികിത്സയ്ക്ക് മാധ്യമങ്ങളിലൂടെ സഹായ അഭ്യർത്ഥന നടത്തിയിരുന്നു. അടൂർ ജനറൽ ആശുപത്രിയിൽ നിന്നാണ് ദേവു ചന്ദനയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. 

ദേവുവിന്റെ അമ്മ ജെ.ആർ.രജിതയുടെ കനറ ബാങ്ക് നൂറനാട് ശാഖയിലെ അക്കൗണ്ട് നമ്പർ: 3015101009582. IFSC : CNRB0003015. ഫോൺ: 9526520463.