ചീനിക്കുഴി സ്വദേശി ഹമീദ് എന്നയാളാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.  

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് (Thodupuzha) ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു (Idukki murder). ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ഹമീദെന്നാണ് പൊലീസ് പറയുന്നത്.

കൃത്യമായ ആസൂത്രണത്തോട് കൂടിയാണ് പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും വാട്ടർ ടാങ്കിലെ വെള്ളം ഒഴുക്കി കളയുകയും ചെയ്തിരുന്നു. തീ ആളി കത്താൻ വീണ്ടും വീണ്ടും പെട്രോളൊഴിക്കുകയും ചെയ്തിരുന്നു. കൊലപാതകം നടത്തിയ വിവരം ഹമീദ് തന്നെയാണ് അയല്‍വീട്ടിലെത്തി അറിയിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചീനിക്കുഴിയിൽ പച്ചക്കറി കട നടത്തി വരികയായിരുന്നു മരിച്ച മുഹമ്മദ് ഫൈസൽ. മൂത്ത മകൾ മെഹ്‌റ തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും ഇളയമകൾ അസ്ന കൊടുവേലി സാൻജോ സിഎംഐ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയുമാണ്. 

  • മക്കളുടെ മുന്നിലിട്ട് അമ്മയെ വെട്ടിനുറുക്കി; റിൻസിയെ കൊന്ന പ്രതി ഒളിവിൽ തന്നെ, വലവിരിച്ച് അന്വേഷണ സംഘം

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂർ എറിയാട് തുണിക്കട ഉടമയായ റിന്‍സിയെ വെട്ടിക്കൊന്ന കേസിലെ (Rincy Murder Case) പ്രതി റിയാസ് (Riyas) ഒളിവില്‍തന്നെ. റിയാസ് ജില്ല വിട്ട് പോകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി റിന്‍സിയെ രണ്ടു മക്കളുടെ മുന്നിലിട്ടാണ് റിയാസ് വെട്ടി വീഴ്ത്തിയത്. തലയ്ക്കും കഴുത്തിനും ഉള്‍പ്പെടെ 30ലേറെ വെട്ടുകളാണ് റിൻസിയുടെ ശരീരത്തിലുണ്ടായിരുന്നത്. മൂന്നൂ കൈ വിരലുകൾ അറ്റനിലയിലായിരുന്നു.

തുണിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയാത്രക്കാര്‍ ഉടൻ റിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം റിയാസ് വാക്കത്തി പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു. പിന്നീട്, വീട്ടില്‍ എത്തി വസ്ത്രം മാറിയ ശേഷം സ്ഥലംവിടുകയായിരുന്നു. വീട്ടില്‍ ഇപ്പോൾ അമ്മ മാത്രമേയുള്ളൂ. റിയാസിന്റെ ബൈക്ക് വീട്ടില്‍തന്നെയുണ്ട്. അധികം ദൂരേയ്ക്കു ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

നേരത്തെ റിൻസിയുടെ കടയിലെ ജീവനക്കാരനായിരുന്നു റിയാസ്. റിൻസിയെ നിരന്തരം ശല്യം ചെയ്തിരുന്ന റിയാസിനെ പിന്നീട് കടയില്‍ നിന്ന് ഒഴിവാക്കി. പിന്നെയും ശല്യം തുടർന്നപ്പോൾ ആറു മാസം മുമ്പ് റിയാസിന് എതിരെ റിൻസി പൊലീസിൽ പരാതി നല്‍കിയിരുന്നു. അന്ന്, റിയാസിനെ പൊലീസ് വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടയച്ചു. പരാതി നല്‍കിയതിന്റെ പകയാകാം കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്.