മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ​അന്വേഷണം ഊർജിതമാക്കി. ബദിയടുക്ക സ്വദേശി സിറാജുദിനാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയിൽവച്ചാണ് സിറാജുദിന് നേരെ ‌അക്രമിസംഘം വെടിയുതിർത്തത്. വെടിവയ്പ്പിൽ കഴുത്തിന് ​ഗുരുതരമായി പരിക്കേറ്റ സിറാജുദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിറാജുദിന് വാഹനക്കച്ചവടമടക്കുള്ള ഇടപാടുകളുള്ളതിനാൽ ​ഗ്യാങ്‍വാർ ആകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് സിറാജുദിന്റെ കുടുംബം ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

വെടിവയ്പ്പിന് ശേഷം പരിക്കേറ്റ സിറാജുദിനെ മം​ഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെടിവച്ചവര്‍ തന്നെയാണെന്നാണ് സിറാജുദിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് നി​ഗമനം. ഇതേത്തുടർന്ന് മം​ഗലാപുരത്തെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ്.