കോഴിക്കോട്: കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. നടുവീട്ടീൽ രാമചന്ദ്രനാണ് മരിച്ചത്. കണ്ണഞ്ചേരി എൽപി സ്‌കൂളിന് സമീപമുള്ള ഇരുനില കെട്ടിടമാണ് രാത്രി 7.30 ഓടെ നിലംപൊത്തിയത്.  തൊട്ടടുത്ത് ഫാൻസി കട നടത്തിയിരുന്ന രാമചന്ദ്രന്‍റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. 

ഇവിടെ സാധനങ്ങൾ എടുക്കാൻ എത്തിയ രാമചന്ദ്രൻ മാത്രമാണ് അപകട സമയത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രാമചന്ദ്രനെ പുറത്തെടുത്തത്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണഞ്ചേരി സ്വദേശി അമ്മുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇരുപത്തിയഞ്ച് വർഷം പഴക്കമുള്ള കെട്ടിടത്തിന് മറ്റ് തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കെട്ടിട ഉടമ പറയുന്നത്.