Asianet News MalayalamAsianet News Malayalam

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: കേരളീയരല്ലാത്തവരുടെ പ്രവേശനം, ഫീസ് കൂട്ടാനുള്ള സമ്മർദ്ദവുമായി മാനേജ്മെന്റുകൾ

കേരളത്തിൽ ഫീസ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായതിനാൽ മറ്റിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ ഒഴുക്കുണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവസരം കുറയുമോ എന്ന ആശങ്കക്കിടെയാണ് മാനേജ്മെനറുകളുടെ സമ്മർദ്ദനീക്കം. 

management apply pressure techniques in self finance medical admission on government
Author
Thiruvananthapuram, First Published May 11, 2019, 5:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ കേരളീയരല്ലാത്ത വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് മുൻനിർത്തി സർക്കാറിനെ സമ്മ‍ർദ്ദത്തിലാഴ്ത്താൻ മാനേജ്മെന്റ് നീക്കം. ഫീസ് കൂട്ടണമെന്നും കേരളീയരല്ലാത്തവരുടെ ക്വാട്ട തീരുമാനിക്കാൻ സർക്കാർ ചർച്ച നടത്തണമന്നും മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആശങ്ക ഉണ്ടെങ്കിലും തിങ്കളാഴ്ച മുതൽ ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുടെ അപേക്ഷ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരം നൽകണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മാനേജ്മെന്റുകളുടെ അപേക്ഷയിലായിരുന്നു നടപടി. കേരളത്തിൽ ഫീസ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായതിനാൽ മറ്റിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ ഒഴുക്കുണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവസരം കുറയുമോ എന്ന ആശങ്കക്കിടെയാണ് മാനേജ്മെനറുകളുടെ സമ്മർദ്ദനീക്കം. 

എല്ലാ ക്വാട്ടയിലും അഞ്ച് ലക്ഷം ഏകീകൃതഫീസ് എന്ന സംസ്ഥാനത്തെ വ്യവസ്ഥ മാറ്റാൻ മാനേജ്മെന്റുകൾ ഏറെ നാളായി ശ്രമിക്കുന്നുണ്ട്. ഉത്തരവ് മറയാക്കി സർക്കാറിനെ സമ്മർദ്ദത്തിലാക്കാനാണ് ശ്രമം. ഇതരസംസ്ഥാന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള അനുമതിയാണ് ഇപ്പോൾ നൽകിയത്. ഏത് ക്വാട്ടയിൽ എങ്ങിനെ പ്രവേശനം എന്നതിൽ  ഇതുവരെയും വ്യക്തതയില്ല. സർക്കാർ ചർച്ചക്ക് വിളിച്ച് ഇക്കാര്യത്തിൽ ധാരണ വരുത്താമെന്നാണ് മാനേജ്മെന്റ് നിർദ്ദേശം. പക്ഷെ ഏകീകൃതഫീസ് മാറ്റണമെന്ന് അസോസിയേഷൻ സെക്രട്ടറി അനിൽ വള്ളിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളീയരല്ലാത്തവരിൽ നിന്നും ഉയർന്ന തുകക്കുള്ള ബോണ്ട് വേണം, സ്പോട്ട് അഡ്മിഷനുള്ള അവകാശം എന്നിങ്ങനെയുള്ള് മനേജ്മെന്റുകളുടെ അപേക്ഷ സുപ്രീം കോടതി പരിഗണനയിലുണ്ട്. ഏകീകൃതഫീസിൽ മാറ്റത്തിന് സർക്കാർ ഒരുക്കമല്ല. സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ 20 വരെ അപേക്ഷിക്കാൻ ഇതര സംസ്ഥാനക്കാർക്ക് അവസരം നൽകും. ബാക്കി നടപടികൾക്കായി എജിയുടെ നിയമോപദേശം തേടുമെന്ന് ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതിയ അദ്ധ്യയന വർഷം വരാനിരിക്കെ ഫീസിലും പ്രവേശനത്തിലുമൊക്കെ പുതിയ ആശങ്കയാണ് ഉയരുന്നത്.

Follow Us:
Download App:
  • android
  • ios