കേസ് എടുക്കാതിരിക്കാനുള്ള വിവേകം പൊലീസ് കാണിക്കുമെന്നാണ് പ്രതീക്ഷ. വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ സമാനമായ പ്രക്ഷോഭങ്ങൾ ഇനിയും കാണേണ്ടി വരുമെന്നും ബിഷപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ അജീഷ് കൊല്ലപ്പെട്ടതിനെ തുടർന്ന് മാനന്തവാടിയിൽ ഉണ്ടായ സമരത്തിന്റെ പേരിൽ കർഷകർക്കെതിരെ കേസെടുക്കാനാണ് പൊലീസ് നീക്കമെങ്കിൽ അതിനെതിരായ ശക്തമായ പ്രതികരണം ഉയർന്നു വരുമെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം. കേസ് എടുക്കാതിരിക്കാനുള്ള വിവേകം പൊലീസ് കാണിക്കുമെന്നാണ് പ്രതീക്ഷ. വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ സമാനമായ പ്രക്ഷോഭങ്ങൾ ഇനിയും കാണേണ്ടി വരുമെന്നും ബിഷപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ മുതൽ 

അതേ സമയം, കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചു. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക. ആന ഏതു ഭാഗത്തു തമ്പടിക്കുന്നുവെന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ധര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും. അതിവേഗത്തില്‍ ആണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിനു വെല്ലുവിളിയാണ്. രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. മണ്ണാര്‍ക്കാട്, നിലംബൂര്‍ ആര്‍ആര്‍ടികള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ മാനന്തവാടി മേഖലയിലെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.