കോഴിക്കോട്: എൽജെഡി സംസ്ഥാന പ്രസിഡന്‍റായി വര്‍ഗീസ് ജോര്‍ജിനെ കേന്ദ്രം നേതൃത്വം പ്രഖ്യാപിച്ചതിനു പിന്നാലെ പാര്‍ട്ടിയില്‍ രൂക്ഷമായ തര്‍ക്കം. ശ്രേയാംസ്കുമാറിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍  അടിയന്തര സംസ്ഥാന സമിതി യോഗം വിളിച്ചു. കേന്ദ്ര നേതൃത്വം ഏകപക്ഷീയമായാണ് തീരുമാനം എടുത്തതെന്നാണ് ശ്രേയാംസ്കുമാര്‍ വിഭാഗത്തിന്‍റെ പരാതി. 

അതേസമയം തന്നെ സംസ്ഥാന അധ്യക്ഷനാക്കിയ തീരുമാനം തിരുത്തണം എന്നാവശ്യപ്പെട്ട് വർഗീസ് ജോർജ് എൽജെഡി കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ശ്രേയാംസ് കുമാർ പ്രസിഡന്റ് ആയി തുടരട്ടെ എന്നും തനിക്കു നേരത്തെ ഉണ്ടായിരുന്ന ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം മതി എന്നും വർഗീസ് ജോർജ് ആവശ്യപ്പെട്ടു. താൻ സംസ്ഥാന അധ്യക്ഷസ്ഥാനമേറ്റെടുക്കില്ലെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

പാർട്ടിക്കുള്ളിൽ യാതൊരു കൂടിയാലോചനയും നടത്താതെയാണ് വർഗ്ഗീസ് ജോർജിനെ നേതൃത്വം സംസ്ഥാന അധ്യക്ഷനായി നിയമിച്ചതെന്ന് ശ്രേയാംസ് കുമാറിൻ്റെ വിശ്വസ്തനായ എൽജെഡി നേതാവ് മനയത്ത് ചന്ദ്രൻ പറഞ്ഞു. യാതൊരു കൂടിയാലോചനയുമായും  ഇല്ലാതെ ഇത്തരമൊരു തീരുമാനം വന്നപ്പോൾ പാർട്ടി ഒന്നടങ്കം ഞെട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രേയാംസ്കുമാറിനെ പാർട്ടിയുടെ നേതൃ സ്ഥാനത്ത് കൊണ്ടുവരണം. ശ്രേയാംസ് കുമാറിനെ  മുൻനിർത്തി സംസ്ഥാനത്ത് പാർട്ടി പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുമെന്നും കേരളത്തിൽ സംഘടനാപരമായ യാതൊരം പ്രശ്നവും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.