മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പി ജി കോഴ്സ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. 98 സീറ്റുകള്‍ ലഭിക്കാനായാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. 2013ലാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് തുടങ്ങിയത്. അന്ന് എംബിബിഎസ് കോഴ്സ് ആരംഭിച്ചെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം കിട്ടിയിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, റെസിഡന്‍റ് ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 

ഇവയുടെ പണി ആരംഭിച്ചതോടെ ഒരാഴ്ച മുമ്പ് എംബിബിഎസ് കോഴ്സിന് എംസിഐ സ്ഥിരാംഗീകാരം നല്‍കി. ഇതിന് പിന്നാലെയാണ് പി ജി കോഴ്സിനായി ശ്രമം തുടങ്ങിയത്. സംസ്ഥാന ആരോഗ്യവകുപ്പിനും ആരോഗ്യ സര്‍വ്വകലാശാലക്കും ആദ്യ ഘട്ട അപേക്ഷ നല്‍കി. ഇവയുടെ പകര്‍പ്പ് എംസിഐക്കും അയച്ചു. 2020_ 21 അധ്യയന വര്‍ഷത്തില്‍ പി ജി കോഴ്സ് തുടങ്ങാനാകുമെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ പ്രതീക്ഷ.