കാസർകോട്: മഞ്ചേശ്വരം കാരുണ്യമാതാ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ അക്രമണത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ്. സംഭവം നടന്ന് ഒരുമാസം ആയിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് പള്ളി വികാരി വിൻസെന്റ് സർദാന പറഞ്ഞു. പൊലീസിന് മേൽ സമ്മർദം ഉണ്ടോയെന്ന‌റിയില്ല. പ്രതികളെ പിടികൂടിയില്ലെങ്കിൽ ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം നടത്തുമെന്നും വിൻസെന്റ് സർദാന കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം പതിനെട്ടിന് രാത്രിയാണ് പള്ളിക്ക് നേരെ അക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ മതിൽ ചാടിക്കടന്ന് അകത്തെത്തി ഗ്ലാസുകൾ തകർക്കുകയായിരുന്നു. അക്രമികൾ വാളുമായി മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേയും പ്രതികളെ കണ്ടെത്താനായിട്ടില്ല.

അതേസമയം,  ഹെൽമറ്റ് ധരിച്ച് മുഖം മറച്ചാണ് അക്രമി എത്തിയത്. ബൈക്കിന്റെ നമ്പറും സിസിടിവിയിൽ പതിഞ്ഞില്ല. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ പ്രതികളെ പിടികൂടാനാകുമെന്നും പൊലീസ് വ്യക്തമാക്കി.