ശബരിമല: മണ്ഡല മാസ തീർത്ഥാടനം തുടങ്ങി ആദ്യദിനം ശബരിമല സന്നിധാനത്തെത്തിയത് അര ലക്ഷത്തിലധികം തീർത്ഥാടകർ. നിയന്ത്രണങ്ങൾ ഒഴിവാക്കിയതും തീർത്ഥാടകരുടെ എണ്ണം വർധിക്കാൻ കാരണമായി. നടവരവിൽ ഗണ്യമായ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.

വൃശ്ചികം ഒന്നിന് അയ്യപ്പദർശനത്തിനെത്തിയത് അര ലക്ഷത്തിലധികം തീർത്ഥാടകരെന്നാണ് കണക്ക്.കഴിഞ്ഞ വർഷം മുപ്പത്തയ്യായിരം തീർത്ഥാടകർ ആയിരുന്നു ആദ്യ ദിനമെത്തിയത്. സന്നിധാനത്ത് മുൻ വർഷം ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയത് ആശങ്കയില്ലാതെ തീർത്ഥാടകർ എത്താൻ വഴിയൊരുക്കി. 

നടപന്തലിൽ വിശ്രമിക്കാനും വിരിവെക്കാനും സൗകര്യമുണ്ട്. എന്നാൽ മാളികപ്പുറം ബിൽഡിംഗ് പൊളിച്ച് മാറ്റി തീർത്ഥാടകർക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കാനുള്ള ഹൈക്കോടതി നിർദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. 

പാണ്ടി താവളത്തെ ദർശൻ' കോംപ്ളക്സിലേക്കുൾപ്പെടെയുള്ള റോഡ് നവീകരണം പൂർത്തിയായിട്ടില്ല. ശൗചാലങ്ങളും കുടിവെള്ള സൗകര്യങ്ങളും വർധിപ്പിക്കണമെന്നാണ് തീർത്ഥാടകരുടെ ആവശ്യം.

അന്നദാന മണ്ഡപത്തിന്‍റെ നിർമ്മാണ പ്രവർത്തികളും ഇഴഞ്ഞു നീങ്ങുകയാണ്.തീർത്ഥാടകർ കൂടിയതിന് ആനുപാതികമായി നടവരവിലും, അപ്പം അരവണ വിൽപ്പനയിലും വർധനവുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച കണക്കുകൾ ഇന്ന് ദേവസ്വം ബോർഡ് പുറത്ത് വിടും.