Asianet News MalayalamAsianet News Malayalam

'പാലായ്ക്ക് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു'; ബജറ്റില്‍ അതൃപ്‍തി പ്രകടിപ്പിച്ച് മാണി സി കാപ്പന്‍

റബറിന് താങ്ങുവില 200 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്ക് 150 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി മാണി സി കാപ്പൻ പറഞ്ഞു. 

mani c kappan express his disappointments
Author
Kottayam, First Published Jan 15, 2021, 9:27 PM IST

പാലാ: സംസ്ഥാന ബജറ്റില്‍ പാലായ്ക്ക് കുറേക്കൂടി പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി കാപ്പൻ എംഎൽഎ. റബറിന്‍റെ താങ്ങുവില 170 ആയി ഉയർത്തിയത് കർഷകർക്ക് ഗുണം ചെയ്യും. റബറിന് താങ്ങുവില 200 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്ക് 150 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി മാണി സി കാപ്പൻ പറഞ്ഞു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിരുന്നു.

മൂന്നിലവ് - മേലുകാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചില്ലച്ചി പാലം റോഡ്, ചകണിയാംതടം ചെക്കുഡാം കം ബ്രിഡ്ജ്, അളനാട് - ഉള്ളനാട് - കൊടുമ്പിടി റോഡ് ബി എം ബി സി ടാറിംഗ്, പാലാ കെ എസ് ആർ ടി സി ബസ്‌ സ്റ്റേഷൻ നവീകരണം, ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഗ്യാലറി നിർമ്മാണം, കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചാമപ്പാറ-വെള്ളാനി - പുളളിക്കാനം റോഡ്, ഇലവീഴാപൂഞ്ചിറയിലെ സിനിമാ സ്റ്റുഡിയോ - ഹോട്ടൽ കോംപ്ലക്സ്, ഇല്ലിക്കലിൽ ഡോർമെറിയോടു കൂടിയ യാത്രീനിവാസ്, ഹോട്ടൽ സമുച്ചയം, ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോപ്പ് വേ, പാലാ പാരലൽ റോഡിൽ ആർ വി ജംഗ്ഷനിൽ കോഴാ റോഡിന് മുകളിലൂടെ ഫ്ലൈഓവർ, പഴുക്കാക്കാനം - പാമ്പനാംകവല കമ്പക്കാനം റോഡ് ബി എം ബി സി ടാറിംഗ് തുടങ്ങിയ പദ്ധതികൾ ബജറ്റിൽ ഇടം പിടിച്ചു. പദ്ധതികൾക്കു ടോക്കൺ തുകയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക അനുവദിച്ച പദ്ധതികൾ നടപ്പാക്കിയിരുന്നു.

കൊട്ടാരമറ്റത്ത് ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ഫ്ലൈഓവറിന് പദ്ധതി സമർപ്പിച്ചെങ്കിലും ബജറ്റിൽ അനുമതി ലഭിച്ചില്ല. തീക്കോയി -  തലനാട് റോഡിൽ പാലം, കടുവാമൂഴി തെള്ളിയാമറ്റം ഗ്യാസ് ഗോഡൗൺ സബ് സ്റ്റേഷൻ ബി എം ബി സി ടാറിംഗ്, പാലായിൽ കലാ-സാംസ്‍കാരിക - സാഹിത്യ പഠന ഗവേഷണകേന്ദ്രം, തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ വ്യവസായ പാർക്ക്, കാർഷിക ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജ്, ഫുഡ് പാർക്ക്, മൂന്നിലവ് അഞ്ചുമല കടപ്പുഴ ജലവിതരണ പദ്ധതി, പാലായിൽ സ്പോർട്ട്സ് അക്കാദമി, കോണിപ്പാട് - മങ്കൊമ്പ് റോഡിൽ കോണിപ്പാട് മുതൽ ഉപ്പിട്ടുപാറ വരെ ബി എം ബി സി ടാറിംഗ് തുടങ്ങിയ പദ്ധതികൾ സമർപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല.കൂടുതൽ പദ്ധതികൾ നടപ്പാക്കാനും അനുവദിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

Follow Us:
Download App:
  • android
  • ios