കോട്ടയം: പാലാ അസംബ്ലി സീറ്റിലെ തന്റെ വിജയത്തെ ചില ഇടത് നേതാക്കൾ ഇകഴ്ത്തിക്കാട്ടുന്നുവെന്ന പരാതിയുമായി മാണി സി കാപ്പൻ. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ പ്രവേശിപ്പിക്കാനുള്ള ആലോചനകളിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിയോജിപ്പ് രേഖപ്പെടുത്തി.

പാലാ അസംബ്ലി ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം കേരള കോൺഗ്രസിലെ ചേരിപ്പോര് കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ചില ഇടത് നേതാക്കൾ നടത്തുന്ന പ്രസ്താവനയിൽ മുഖ്യമന്ത്രിയോട് അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. തന്റെ കഴിവ് കൊണ്ടാണ് പാലായിൽ വിജയിച്ചത്. ഇക്കാര്യത്തിൽ എൻസിപി 

പാലാ സീറ്റ് വിട്ടുകൊടുക്കാമെന്ന നിലപാട് എൽഡിഎഫ് എടുക്കില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. കേരള കോൺഗ്രസിലെ തർക്കം കാരണമാണ് താൻ വിജയിച്ചതെന്ന പ്രചാരണങ്ങളിൽ പ്രതിഷേധമുണ്ട്. പാലായിൽ ജോസ് കെ മാണി വന്നാൽ പോലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കുന്നതിനോട് സിപിഐക്കും താത്പര്യമില്ല. എൽഡിഎഫ് ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററല്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. ഇടതുമുന്നണിയിലേക്ക് ആരെങ്കിലും വരുന്നത് എല്ലാ പാർട്ടികളും കൂടിയാലോചിച്ചാണ്. എൽഡിഎഫ് നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലുള്ള മുന്നണിയാണ്. യുഡിഎഫുമായി വളരെയധികം വ്യത്യാസമുണ്ടെന്നും കാനം പറഞ്ഞു.

യുഡിഎഫ് ദുർബലപ്പെടുമ്പോൾ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവർത്തിക്കേണ്ട ബാധ്യതയില്ല. ആരെങ്കിലും ആരെയെങ്കിലും സഹായിക്കട്ടെ. ജോസ് വിഭാഗത്തെ എവിടെയെങ്കിലും ചേർക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. എൽഡിഎഫിൽ ഒരു വിഭാഗീയതയും ഉണ്ടായിട്ടില്ല. യുഡിഎഫിലാണ് വിള്ളലുണ്ടായത്. ഇക്കാര്യത്തിൽ സിപിഐ നേരത്തെ നിലപാടെടുത്തിട്ടുണ്ട്. അതിൽ മാറ്റമില്ല. എൽഡിഎഫിലും മാറ്റമുണ്ടായിട്ടില്ല. കാത്തിരുന്ന് കാണാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.