കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ആർക്കും വിട്ടു നൽകില്ലെന്നാവർത്തിച്ച് പാല എംഎൽഎ മാണി സി കാപ്പൻ. മുന്നണി മാറ്റമെന്ന സാധ്യത നിലവിൽ ഇല്ലെന്നും യുഡിഎഫിലെ ഒരു നേതാവുമായും  ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. 'വഴിയേ പോകുന്നവർക്ക് സീറ്റ് ചോദിക്കാൻ എന്താണ് കാര്യം. 

തോറ്റ് നിൽക്കുന്ന സീറ്റ് അവർ എങ്ങിനെ ചോദിക്കുമെന്നും ജോസ് കെ മാണി വിഭാഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ എൻസിപിക്ക് പാലാ സീറ്റ് ആവശ്യപ്പെട്ട് നേടേണ്ട സാഹചര്യമില്ല. പാല ഞാൻ ജയിച്ച സീറ്റാണ്. അത് ഞങ്ങൾക്ക് തന്നെ ലഭിക്കുമെന്നും മാണി സി കാപ്പൻ പ്രത്യാശ പ്രകടിപ്പിച്ചു. 

കോട്ടയത്ത് എൻസിപി യോഗത്തിലേക്ക് ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചതിൽ രാഷ്ട്രീയമില്ല. യുഡിഎഫിലെ ഒരു നേതാവുമായും ഔദ്യോഗികമോ അനൌദ്യോഗികമോ ആയ ചർച്ചകളൊന്നും നടത്തിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻസിപിക്ക് പരിഗണന ലഭിച്ചില്ലെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.