കോട്ടയം: പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന പി ജെ ജോസഫിന്‍റെ പ്രസ്‍താവനയ്ക്ക് മറുപടിയുമായി മാണി സി കാപ്പന്‍. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം. പാലാ സീറ്റ് ജോസഫ് വിഭാഗം മാണി സി കാപ്പന് വിട്ടുനൽകും. എൻസിപിയായി തന്നെ കാപ്പൻ മത്സരിക്കുമെന്നുമായിരുന്നു ജോസഫിന്‍റെ പ്രതികരണം. ജോസഫിന്‍റെ വാദം നിഷേധിക്കാതിരുന്ന കാപ്പൻ എൻസിപിയും താനും നിലവിൽ എൽഡിഎഫിൽ തന്നെയാണെന്ന് പ്രതികരിച്ചു.

തദ്ദേശതെരഞ്ഞെടുപ്പോടെ പാലായിൽ ശക്തിയാർജിച്ച ജോസ് കെ മാണി വിഭാഗത്തിന് ശക്തമായി തിരിച്ചടി നൽകാൻ തങ്ങളുടെ പാല സീറ്റ് തന്നെ വിട്ടുനൽകുകയാണ് പി ജെ ജോസഫ്. ഇന്നലെ മാണി സി കാപ്പനെ യുഡിഎഫിലേക്ക് ക്ഷണിച്ച ജോസഫ്, ഇന്ന് കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിക്കുന്നു. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രസ്താവന. ജോസഫ് കുടുംബ സുഹൃത്താണെന്ന പറഞ്ഞ കാപ്പൻ പക്ഷേ ജോസഫിന്‍റെ വാദം നിഷേധിച്ചില്ല. ജോസഫ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് എൻസിപി സംസ്ഥാന നേതൃത്വം.

അതേസമയം മാണി സി കാപ്പൻ പാലായിൽ മത്സരിച്ചേക്കുമെന്ന സൂചന കോൺഗ്രസ് നേതാക്കൾ പ്രാദേശിക തലത്തിൽ പങ്കുവയ്ക്കുന്നുണ്ട്. അനൗദ്യോഗികമായി യുഡിഎഫ് നേതാക്കളും കാപ്പൻ ക്യാമ്പും ചർച്ചകൾ നടത്തിയതായാണ് വിവരം. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് അടർത്തിയെടുത്തതിന് പകരമായി എൽഡിഎഫിൽ നിന്നൊരു ഘടകകക്ഷിയെ കൊണ്ടുവരാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഇടപെട്ടുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. കാപ്പൻ എൽഡിഎഫ് വിടുകയാണെങ്കിൽ സംസ്ഥാന എൻസിപിയിൽ പിള‍ർപ്പുണ്ടായേക്കും.