ഒരു കാരണവശാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സിറ്റിംഗ് എംഎൽഎ മാണി സി കാപ്പൻ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു.
മലപ്പുറം: മാണി കോൺഗ്രസിനെ യുഡിഎഫിൽ എത്തിക്കുന്നതിൽ വിലങ്ങ് തടിയായി പാലാ സീറ്റ്. ഒരു കാരണവശാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സിറ്റിംഗ് എംഎൽഎ മാണി സി കാപ്പൻ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു. ചർച്ച നിർണായ ഘട്ടത്തിലെത്തി നിൽക്കുകയാണ് മാണി സി കാപ്പന്റെ ഉടക്ക്. വി ഡി സതീശനെയും നിലപാടറിയിച്ചെന്ന് മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലെ എത്തിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്താണ് നീക്കം നടത്തിയത്. പാലാ തിരുവമ്പാടി തൊടുപുഴ സീറ്റുകളിലാണ് മാണി ഗ്രൂപ്പിന് പിടിവാശിയുള്ളത്. തിരുവമ്പാടി കാര്യത്തിൽ ലീഗ് വഴങ്ങാൻ തയ്യാറാണ്. പക്ഷേ പാലായുടെ കാര്യത്തിൽ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ന് മലപ്പുറത്തെത്തിയ മാണി സി കാപ്പൻ കുഞ്ഞാലിക്കുട്ടിയെ നേരിട്ട് അറിയിച്ചു. ലീഗ് മാണി ഗ്രൂപ്പ് ചർച്ചയുടെ വിശദാംശങ്ങൾ ഒന്നും തന്നെ കുഞ്ഞാലിക്കുട്ടി കാപ്പനോട് പറഞ്ഞില്ല.
അതേസമയം, തൊടുപുഴ സീറ്റിന്റെ കാര്യത്തിൽ മാണി ഗ്രൂപ്പ് വാദം ഉന്നയിച്ച കാര്യം ഇതേവരെ ജോസഫ് ഗ്രൂപ്പിനെ യുഡിഎഫ് അറിയിച്ചിട്ടില്ല. അപ്പു ജോസഫിന് മത്സരിക്കാൻ മറ്റൊരു സുരക്ഷിതമായ സീറ്റ് കോൺഗ്രസ് നൽകിയാൽ മാത്രമേ ജോസഫ് കുറുക്കുമായി ചർച്ച നടത്താൻ പറ്റുകയുള്ളൂ. മാണി ഗ്രൂപ്പുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ട് എന്ന് ലീഗ് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും സീറ്റ് നഷ്ടപ്പെടുന്ന മറ്റ് രണ്ട് ഘടക കക്ഷികൾക്ക് കടുത്ത എതിർപ്പുണ്ട്. ഇതിനൊന്നും ഫോർമുല ഉരുത്തിരിയാത്ത സാഹചര്യത്തിൽ മാണി ഗ്രൂപ്പിന്റെ വരവിൽ അനിശ്ചിതത്വം തുടരുകയാണ്.

