കൊച്ചി: മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളയ്ക്ക് നേരെ ആലുവയിൽ കരിങ്കൊടി പ്രതിഷേധം. ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരാണ് ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധം ഉയർത്തിയത്.

ലക്ഷദ്വീപിലേക്ക് പോകാനെത്തിയതായിരുന്നു ഇവർ. രാവിലെ ഏഴരയോടെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം.  ആലുവ പാലസിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്ന ഗവർണറുടെ വാഹനവ്യൂഹത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് നേതാവ് പി.ബി സുനീറിന്റെ നേതൃത്വത്തിലുള്ളവർ പ്രതിഷേധിക്കുകയായിരുന്നു. പത്ത് മിനിറ്റോളം ഗവർണറുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞു നിർത്തി.

തുടർന്ന് പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. അപ്രതീക്ഷിതമായാണ് ആലുവയിൽ പ്രതിഷേധം ഉണ്ടായത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തെ മണിപ്പൂർ സർക്കാരും ജനങ്ങളും ഒരേപോലെ സ്വീകരിച്ചുവെന്നും അവിടെ പ്രശ്നങ്ങളില്ലെന്നും നജ്മ ഹെപ്തുള്ള പറഞ്ഞു.