തലപ്പാടി അതിർത്തിയിൽ രാവിലെ പത്തര മുതലാണ് ഉപവാസ സമരം. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. അതിർത്തികളിൽ വാക്‌സിനെടുത്തവരെ കൊവിഡ് ടെസ്റ്റ് കൂടാതെ കടത്തി വിടണമെന്ന കേന്ദ്ര നിർദേശം പോലും കർണാടക നിരാകരിക്കുകയാണെന്നാണ് ആരോപണം

കാസര്‍കോട്: കൊവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ കർണാടക സർക്കാർ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് എംഎൽഎയുടെ ഉപവാസം. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് ആണ് സ്വാതന്ത്ര ദിനത്തിൽ ഉപവാസമിരിക്കുന്നത്. തലപ്പാടി അതിർത്തിയിൽ രാവിലെ പത്തര മുതലാണ് ഉപവാസ സമരം. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങളുടെ അതിർത്തികളിൽ വാക്‌സിനെടുത്തവരെ കൊവിഡ് ടെസ്റ്റ് കൂടാതെ കടത്തി വിടണമെന്ന കേന്ദ്ര നിർദേശം പോലും കർണാടക നിരാകരിക്കുകയാണെന്നാണ് ആരോപണം.

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. കേരളാതിര്‍ത്തികളിലെ ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനും കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയണമെന്നായിരുന്നു അന്നത്തെ നിര്‍ദേശം.

അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച അന്തർസംസ്ഥാന യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ നിര്‍ദേശം. യാത്രകാർക്കുള്ള പ്രോട്ടോക്കോൾ ഏകീകരിക്കാൻ ആവശ്യപ്പെട്ട് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തും അയച്ചിരുന്നു.

യാത്രാ നിയന്ത്രണങ്ങൾക്ക് ഏകീകൃത പ്രോട്ടോക്കൾ വേണമെന്നാണ് ടൂറിസം മന്ത്രാലയത്തിന്‍റെ ആവശ്യം. സംസ്ഥാന സർക്കാരുകളുമായും, ടൂറിസം അസോസിയേഷനുകളിലെ പ്രതിനിധികളുമായും കഴിഞ്ഞ ആഴ്ച ടൂറിസം മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona