Asianet News MalayalamAsianet News Malayalam

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: 14 ദിവസത്തിനുള്ളിൽ എതിർപ്പറിയിക്കാം, ഇല്ലെങ്കിൽ കേസ് പിൻവലിക്കും

ക്രമക്കേട് തെളിയിക്കാൻ ശ്രമിച്ചെങ്കിലും ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ബുദ്ധിമുട്ടായതിനാൽ തെരഞ്ഞെടുപ്പ് ഹര്‍ജി പിൻവലിക്കാൻ അനുവദിക്കണമെന്നാണ് സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടത്

Manjeswaram Election Case, high court give 14 days for oppose, otherwise the case will be withdrawn
Author
Kochi, First Published Jun 24, 2019, 12:08 PM IST

കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച്  ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ ഹര്‍ജി പിൻവലിക്കുന്നതിൽ എതിർപ്പറിയിക്കാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഈ സമയത്തിനുള്ളിൽ ഹൈക്കോടതിയെ അറിയിക്കണം. ആർക്കും എതിർപ്പില്ലെങ്കിൽ കേസ് നടപടികൾ ആടുത്ത മാസം അഞ്ചിന് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കേസ് പരിഗണിച്ച ജസ്റ്റിസ് സുനിൽ തോമസ്, ക്രമക്കേട് ആരോപിച്ച് സുരേന്ദ്രൻ നൽകിയ ഹര്‍ജി പിൻവലിക്കാനുള്ള അനുമതി നൽകിയത്. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും തന്‍റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് ഹര്‍ജി പിൻവലിക്കാൻ അനുവദിക്കണമെന്നുമുള്ള സുരേന്ദ്രന്‍റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. വോട്ടിങ്ങ് യന്ത്രങ്ങൾ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തേക്ക് തിരികെ കൊണ്ട് പോവുന്നതിന്‍റെ ചെലവായ 42000 രൂപ കെ സുരേന്ദ്രൻ നൽകണം.

2016ലെ മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പി ബി അബ്ദുൽ റസാഖിനോട് 89 വോട്ടുകൾക്കായിരുന്നു സുരേന്ദ്രൻ പരാജയപ്പെട്ടത്. സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നായിരുന്നു കെ സുരേന്ദ്രന്‍റെ ആരോപണം. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രൻ നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് പി ബി അബ്ദുൾ റസാഖ് എംഎൽഎ അന്തരിച്ചത്.

Follow Us:
Download App:
  • android
  • ios