മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്‍ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ദില്ലി: 'മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി. നിര്‍മാതാവ് ബാബു ഷാഹിറിന്‍റെ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. കേസിലെ അന്വേഷണം തടയേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്‍ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കിയ തുകയും ലാഭവിഹിതവും നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് കേസെടുത്തത്. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. നടൻ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് ഹർജിക്കാരൻ ബാബു ഷാഹിർ.


