വാഹനം ഓടിച്ച മൂന്ന് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. വാഹനം ഓടിച്ച ഒരാൾക്ക് ലൈസൻസും ഇല്ലായിരുന്നു. പിഴ അടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്
കണ്ണൂർ: ഹെൽമറ്റ് ധരിക്കാതെ എഐ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത് യുവാക്കൾക്ക് എട്ടിന്റെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ തോട്ടടയിലുള്ള എഐ ക്യാമറയിലാണ് യുവാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഫോട്ടോയിൽ നിന്ന് നമ്പർ കണ്ടെത്തി വാഹന ഉടമകളെ കണ്ടെത്തുകയും വാഹനങ്ങൾ ഓടിച്ച യുവാക്കളെ എംവിഡി വിളിച്ച് വരുത്തുകയും ചെയ്തു. സർക്കാർ സംവിധാനങ്ങളെ അധിക്ഷേപിക്കുന്നതും കളിയാക്കുന്നതുമായ തരത്തിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിനാൽ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്ന് എംവിഡി വ്യക്തമാക്കി.
വാഹനം ഓടിച്ച മൂന്ന് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. വാഹനം ഓടിച്ച ഒരാൾക്ക് ലൈസൻസും ഇല്ലായിരുന്നു. പിഴ അടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ശ്രദ്ധ നൽകണമെന്നാണ് എംവിഡി വീണ്ടും ഓർമ്മപ്പിക്കുന്നത്. ഇരുചക്രവാഹനങ്ങൾ നമ്മുടെ പരിമിതറോഡു ഗതാഗത സൗകര്യങ്ങളിൽ സ്വകാര്യയാത്രകൾക്കു ഏറ്റവും യോജിച്ച വാഹനങ്ങളാണ്. ലക്ഷ്യസ്ഥാനത്ത് ഏറ്റവും കുറഞ്ഞ സമയത്ത് എത്താൻ സഹായിക്കുന്ന ഒരു ഇരു’കാലി’വാഹനവുമാണ്. നിർഭാഗ്യവശാൽ നാമിഷ്ടപ്പെടാത്ത ഒരു ലോകത്തേയ്ക്ക് നമ്മെ ഏറ്റവും എളുപ്പത്തിൽ എത്തിയ്ക്കുന്ന *‘കാല’ചക്രങ്ങൾ* (കാലൻ്റെ ചക്രങ്ങൾ) കൂടിയാണീ ഇരുചക്ര വാഹനങ്ങൾ എന്നതാണ് അനുഭവവും യാഥാർത്ഥ്യവും.
ഇതുവരെ കേരളത്തിൽ 1.73 കോടി വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടതിൽ 1.23 കോടി അഥവാ 65 ശതമാനവും ഇരുചക്രവാഹനങ്ങൾ ആണ്. യാത്രക്കാർക്ക് യാതൊരുവിധ പരിരക്ഷയും ഇല്ലാത്ത ഏറ്റവും കൂടുതൽ മനുഷ്യജീവൻ നഷ്ടപ്പെടാൻ കാരണവുമായിട്ടുള്ള വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങൾ. മറ്റു വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി വാഹനത്തിന് പുറത്താണ് ഡ്രൈവറും സഹയാത്രികരും യാത്ര ചെയ്യുന്നത് എന്നത് ഇരുചക്ര വാഹനയാത്ര കൂടുതൽ ഗുരുതരസ്വഭാവമുള്ളതാക്കുന്നു.
ഏറെ പരിമിതികളുള്ള, അതേസമയം അതീവ ശ്രദ്ധയോടെ ഉപയോഗിച്ചാൽക്കൂടി ഒരു ഇരുചക്രവാഹനവും അപകടമുക്തമല്ല. ഇന്ന് നമ്മുടെ നിരത്തുകളിലെ ഏതൊരപകടത്തിലും ഒരു വശത്ത് തീർച്ചയായും ഒരു ഇരുചക്രവാഹനം ആണ് എന്നതാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. മഹാഭൂരിപക്ഷം അപകടങ്ങളിലും ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ഉൾപ്പെട്ടിട്ടുണ്ടാവുകകയെന്നും എംവിഡി ഓർമ്മിപ്പിച്ചു.
