നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് മങ്കര പൊലീസാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പാലക്കാട്: ചെർപ്പുളശ്ശേരി പീഡനാരോപണക്കേസിലെ യുവതിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് മങ്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പാലക്കാട് ചെർപ്പുളശ്ശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നൽകിയത്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെത്തുടർന്ന് ഗർഭിണിയായ യുവതി പ്രസവിച്ചു. യുവതിയുടെ പരാതിയിൻമേൽ മങ്കര പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.
മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സിപിഎം പോഷക സംഘടന പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയില്‍ പഠിക്കുന്ന സമയത്ത് കഴിഞ്ഞ വർഷം മാഗസിൻ തയ്യാറാക്കലിന്‍റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്.
ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. പാർട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
