മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3 മണിക്ക്. 

പാലക്കാട്: പാലക്കാട് മണ്ണാ൪ക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭ൪ത്താവിന്‍റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി വൈകീട്ട് മൂന്നിലേക്ക് മാറ്റി. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചുമകൻ ബഷീറിനും ഭാര്യ ഫസീലയ്ക്കും മൂന്ന് മണിക്ക് ശിക്ഷവിധിക്കും. പ്രതിഭാഗം വാദം കേട്ട മണ്ണാ൪ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ മാറ്റിയത്.

വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തത്. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് 12 വയസായ മകനുണ്ട് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ഉത്തരം. മുൻകാല കേസുകൾ എടുത്ത് പറഞ്ഞപ്പോൾ ഒന്നാംപ്രതി ഫസീല കോടതിയിൽ പൊട്ടിക്കരഞ്ഞു. അതൊന്നും തങ്ങൾ ചെയ്ത കുറ്റമല്ല, പൊലിസ് കുരുക്കാൻ ശ്രമിച്ചെന്ന് പറഞ്ഞായിരുന്നു കരച്ചില്‍.

മുൻകാല കുറ്റകൃത്യങ്ങൾ പരിഗണിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ നബീസ കൊല്ലപ്പെട്ടത് അതിക്രൂരമെന്ന് പ്രൊസിക്യുഷൻ വാദിച്ചു. ഈ വാദം കോടതി ശരിവെച്ചു. വധശിക്ഷ നൽകണമെന്നും പാപങ്ങൾ പൊറുക്കാൻ പ്രാർത്ഥിക്കുന്ന റമദാൻ സമയത്ത് ചെയ്തത് അതിക്രൂര കൃത്യമെന്ന് പ്രൊസിക്യുഷൻ വാദിച്ചു. റമദാൻ മാസത്തിൽ പുണ്യം തേടുന്നത് യഥാർത്ഥ വിശ്വാസികളാണെന്നും പ്രൊസിക്യൂഷൻ പറഞ്ഞ കാര്യം പ്രതികൾക്ക് ബാധകമല്ലെന്നും പ്രതികൾ വിശ്വാസികളാണോയെന്ന് എനിക്ക് തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Sharon murder case | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്