Asianet News MalayalamAsianet News Malayalam

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത നിര്‍മ്മാണം നിലച്ചിട്ട് ഒരുവര്‍ഷം

2009ലാണ് മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണത്തിനായി ദേശീയപാത അതോറിറ്റിയും കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. 30 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു കരാര്‍. 

Mannuthy Vadakkencherry national highway construction
Author
Trivandrum, First Published Jul 18, 2019, 6:13 PM IST

തിരുവനന്തപുരം: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത നിര്‍മ്മാണം നിലച്ചിട്ട് ഒരു വർഷമാകുന്നു. പത്ത് വര്‍ഷമായിട്ടും വെറും 29 കിലോമീറ്റർ ദൂരം പൂർത്തിയാക്കാൻ കരാർ കമ്പനിയായ കെഎംസിയ്ക്ക് കഴിഞ്ഞിട്ടില്ല . അതേസമയം സെപ്‍റ്റംബറില്‍ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് കെഎംസി അറിയിച്ചു. 2009ലാണ് മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണത്തിനായി ദേശീയപാത അതോറിറ്റിയും കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. 30 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ പത്ത് വര്‍ഷമായിട്ടും 29 കിലോമീറ്റര്‍ ദൂരം പണി പൂര്‍ത്തിയായിട്ടില്ല. പലയിടത്തും റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നു.

മുളയം-മുടിക്കോട് അടിപ്പാതകള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. കഴിഞ്ഞ 5 വർഷത്തിനിടെയുണ്ടായത് അൻപതിലധികം മരണങ്ങളാണ്. ഹൈക്കോടതിയും മനുഷ്യാവകാശകമ്മീഷനും ഇടപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതിക്ക് വായ്പ നല്‍കിയിരുന്നത്. കൃത്യസമയത്ത് പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ വായ്പ നല്‍കുന്നത് കണ്‍സോര്‍ഷ്യം  നിര്‍ത്തി. കരാര്‍ കമ്പനിയായ ഹൈദരാബാദ് ആസ്ഥാനമായ കെഎംസിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി വൈകാൻ കാരണം. എന്നാല്‍ കരാര്‍ ലംഘിച്ച കമ്പനിയെ പദ്ധതിയില്‍ നിന്ന് നീക്കാൻ ദേശീയപാത അതോറിറ്റി ഇതുവരെ തയ്യാറായില്ല. 

എന്നാല്‍ കുതിരാൻ തുരങ്കത്തോട് ചേര്‍ന്നുള്ള കുറച്ച് കിലോമീറ്ററുകള്‍ മാത്രമാണ് പണിപൂര്‍ത്തിയാക്കാത്തതെന്നാണ് കെഎംസിയുടെ വിശദീകരണം. പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഫണ്ട് ഉടൻ കണ്ടെത്തുമെന്ന് കെഎംസി അറിയിച്ചു. 645 കോടി രൂപയുടെ പദ്ധതി ഇപ്പോഴെത്തി നില്‍ക്കുന്നത് 1020 കോടിയിലാണ്. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഇനിയും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുക. ഇതൊഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ കൂടിയേ തീരു. 

Follow Us:
Download App:
  • android
  • ios