പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ദിവസം ഏപ്രിൽ ആറിന് രാത്രിയാണ് പുല്ലൂക്കര സ്വദേശി മൻസൂറിനെ സിപിഎം പ്രവ‍ർത്തകർ കൊലപ്പെടുത്തിയത്.

കൊച്ചി: കണ്ണൂർ പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂർ വധ കേസിലെ 10 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ കോടതി ആവശ്യങ്ങൾക്ക് ഒഴികെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 

പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ദിവസം ഏപ്രിൽ ആറിന് രാത്രിയാണ് പുല്ലൂക്കര സ്വദേശി മൻസൂറിനെ സിപിഎം പ്രവ‍ർത്തകർ കൊലപ്പെടുത്തിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്‍റായിരുന്ന മൻസൂറിന്‍റെ സഹോദരൻ മുഹ്സിനെ ലക്ഷ്യം വച്ചുള്ള ആക്രമണാണ് കൊലപാതകത്തിൽ കലാശിച്ചത്. ബോംബേറിൽ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍.

കൊലപാതകം നടന്ന സ്ഥലത്ത് നിന്നാണ് ഒന്നാം പ്രതിയെ പിടികൂടുന്നത്. ഷിനോസ് എന്ന ആളുടെ ഫോണിൽ നിന്നാണ് മറ്റുള്ള പ്രതികളെ കുറിച്ച് നിർണായക തെളിവ് കിട്ടിയത്. ലോക്കൽ പൊലീസിൽ നിന്നും ക്രൈബ്രാഞ്ച് ഏറ്റെടുത്ത കേസിൽ പ്രതികളെ ഒന്നൊന്നായി പിടികൂടി. ഇതിനിടെ രണ്ടാം പ്രതി രതീഷിനെ കോഴിക്കോട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതും വലിയ വിവാദമായിരുന്നു. വാട്സാപ്പിലൂടെ പ്രതികൾ നടത്തിയ ഗൂഢാലോചന ക്രൈംബ്രാഞ്ച് കണ്ടെത്തി. പതിനൊന്ന് പേരുള്ള പ്രതി പട്ടിയിൽ ഒമ്പത് പേരാണ് ജയിലുളളത്. ജാബിർ ഇപ്പോഴും ഒളിവിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona