ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണ്. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും സിങ്‌വി വിമര്‍ശിച്ചു.
ദില്ലി: വലിയ പെരുന്നാളിന് കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ മനു അഭിഷേക് സിങ്‌വി. നടപടി നിന്ദ്യമാണ്. ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണെന്ന് സിങ്‌വി ട്വീറ്റ് ചെയ്തു. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും അദ്ദേഹം വിമര്‍ശിച്ചു.
പെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയിൽ ഇളവ് വരുന്നത്. അതുകൊണ്ടുതന്നെ ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
