ബെംഗളൂരു: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ അനുമതി നല്‍കിയതിന് പിന്നാലെ കേരളത്തിലേക്ക് വരാന്‍ തിരക്ക്. കേരളത്തിലേക്ക് വരാന്‍ രണ്ട് മണിക്കൂറില്‍  നോർക്കയിൽ രജിസ്റ്റര്‍ ചെയ്തത് അൻപതിനായിരം പേർ. കര്‍ണ്ണാടകയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തത്. 18000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. 

ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉൾപ്പടെ കുടുങ്ങി കിടക്കുന്നവര്‍ക്ക് സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നല്‍കി. സംസ്ഥാനങ്ങൾ പരസ്പരം തീരുമാനിച്ച് ബസുകളിൽ ഇവരുടെ മടക്കം നടപ്പാക്കണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശം. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകാൻ പ്രത്യേക തീവണ്ടികൾ വേണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബസുകളിൽ ഇവരെ മടക്കികൊണ്ടുപോകാനാണ് കേന്ദ്രം പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ അനുവാദം നൽകിയിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളും തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും മറ്റുള്ളവരും സംസ്ഥാനങ്ങളിൽ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനങ്ങൾ പരസ്പരം സംസാരിച്ച് ആരെയൊക്കെ കൊണ്ടുപോകണം എന്ന കാര്യം തീരുമാനിക്കണം. മടങ്ങുന്ന എല്ലാവരുടെയും പ്രാഥമിക പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലെന്ന് ഉറപ്പുവരുത്തണം. 

സാമൂഹിക അകലം പാലിച്ച് ബസുകളിൽ ഇവരെ കൊണ്ടുപോകണം. സംസ്ഥാനങ്ങളിൽ മടങ്ങിയെത്തുന്നവര്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ആവശ്യമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണം. ലോക് ഡൗണ്‍ നീട്ടുന്ന കാര്യത്തിൽ ഈ ആഴ്ച തീരുമാനം വരാനിരിക്കെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് കേന്ദ്രം അംഗീകാരം നൽകിയത്.