എം എ യൂസഫലി വോട്ട് രേഖപ്പെടുത്താനായി ബാങ്കോക്കിൽ നിന്ന് പ്രത്യേക വിമാനത്തിലും ഹെലികോപ്റ്ററിലുമായി നാട്ടികയിലെത്തി. ജനാധിപത്യത്തിലും ഭരണഘടനയിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിച്ച അദ്ദേഹം, വോട്ടവകാശം വിനിയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
തൃശൂർ: വോട്ട് രേഖപ്പെടുത്താനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ജന്മനാട്ടിലെത്തി. ബാങ്കോക്കിൽ നിന്ന് സ്വന്തം ഫ്ളൈറ്റിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. തുടര്‍ന്ന് നാട്ടികയിലേക്ക് ഹെലികോപ്റ്ററിൽ എത്തുകയായിരുന്നു. നാട്ടിക ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഗവൺമെന്‍റ് നാട്ടിക മാപ്പിള എൽ പി സ്കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ.
ലോകത്തിലെ ഏറ്റവും ശക്തമായ ഭരണഘടനയും ഇന്ത്യയുടേതാണെന്ന് എം എ യൂസഫലി പറഞ്ഞു. ഒരു വാര്‍ഡ് മെമ്പർ മുതല്‍ പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അതുകൊണ്ട് നമ്മുടെ വോട്ടവകാശം കാര്യമായ രീതിയിൽ വിനിയോഗിച്ചില്ലെങ്കിൽ ഭരണഘടനയോടുള്ള പ്രതിബദ്ധതയും അവകാശങ്ങളും പ്രശ്നത്തിലാകും. അതുകൊണ്ടാണ് ബാങ്കോക്കിൽ നിന്ന് ബുദ്ധിമുട്ടിയാണേലും വോട്ട് ചെയ്യാൻ എത്തിയെന്ന് യൂസഫലി പറഞ്ഞു.


