കൊച്ചി: കൊച്ചിയിലെ പല റോഡുകളുടെയും അവസ്ഥ മോശമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. റോഡുകളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് അമിക്കസ് ക്യൂറി ഇന്ന് കോടതിയിൽ സമർപ്പിക്കും. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയിൽ വീണ് കൂനമ്മാവ് സ്വദേശി യദുലാൽ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് റോഡുകളുടെ അവസ്ഥ പരിശോധിക്കാൻ ഹൈക്കോടതി മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നത്. 

അഭിഭാഷകരായ വിനയ് ഭട്ടും, ദീപക്കും കൃഷ്ണയും നഗരത്തിലെ വിവിധ റോഡുകൾ നേരിട്ട് സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. നഗരത്തിലെ നിരവധി റോഡുകളിൽ അപകടക്കുഴികളുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തെൽ. റോഡുകളിലെ കുഴികളുടെ ഫോട്ടോകൾ സഹിതം അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകും.

റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനായി അടുത്ത ഘട്ടത്തിൽ എഞ്ചിനിയർമാരുടെ സഹായം തേടുമെന്നും അമിക്കസ് ക്യൂറി അറിയിച്ചു. ഹൈക്കോടതി കേസ് നാളെ പരിഗണിക്കും. കളക്ടർ എസ് സുഹാസ് കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ വിവിധ മേഖലകൾ സന്ദർശിച്ച് റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്തി.

യദുലാലിന്റെ മരണത്തെക്കുറിച്ചുള്ള മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.