വയനാട്: ബാണാസുര വനമേഖലയിൽ ബപ്പനംമലയ്ക്കടുത്തായുള്ള മൂന്ന് ആദിവാസി കോളനികളില്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണ മാവോയിസ്റ്റുകൾ എത്തിയതായി വിവരം. സാമൂഹികമായി ഏറെ പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗത്തിന്റെ പിന്തുണ നേടി പ്രവർത്തനം വിപുലപ്പെടുത്താം എന്നുള്ള പദ്ധതിയായിരുന്നു കബനി ദളം രണ്ടിന് ഉണ്ടായിരുന്നത്. ആദിവാസികളുടെ കൂടെ സഹായത്തോടെ രഹസ്യ വിവരം ശേഖരിച്ചും മാസങ്ങളുടെ ഇടവേളകളിൽ തിരച്ചിൽ നടത്തിയും പൊലീസ് ഇവരുടെ പിന്നാലെ ഉണ്ടായിരുന്നു.

കബനി ദളം രണ്ടിലെ ഒരു സ്ത്രീ അടങ്ങുന്ന 7 സായുധ മാവോയിസ്റ്റുകളാണ് ഈ മേഖലയിലുണ്ടായിരുന്നത് എന്നാണ് വിവരം. പണിയ, കാട്ടുനായ്ക്ക കുറിച്യ വിഭാഗങ്ങൾ താമസിക്കുന്ന വാളാരം കുന്ന് കോളനി, ബപ്പനം ആദിവാസി കോളനി, കരിങ്ങണ്ണി കോളനി എന്നിവിടങ്ങിലാണ് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ മരിച്ച വേൽ മുരുകൻ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസങ്ങളിൽ വാളാരം കുന്ന് കോളനിയിൽ എത്തി എന്നൊരു രഹസ്യ വിവരം ഉണ്ടായിരുന്നു. എന്നാൽ കോളനി നിവാസികൾ ഇത് നിഷേധിക്കുകയാണ്.

ബപ്പനം കുന്നിൽ മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തണ്ടർബോൾട്ട് തെരച്ചിൽ നടന്നത് എന്നുള്ള വാർത്തകൾ പൊലീസും നിഷേധിക്കുന്നു. സാധാരണയുള്ള പരിശോധനയുടെ ഭാഗമായി എത്തിയപ്പോൾ പൊടുന്നനെ മാവോയിസ്റ്റുകൾ വെടി ഉതിർത്തു എന്നാണ് പൊലീസ് വാദം.

10 മാസങ്ങൾക്ക് മുൻപ് ബപ്പനം കുന്നിന് താഴെയുള്ള കോളനിയിൽ നാലുപേരടങ്ങുന്ന മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വെകുന്നേരം എത്തിയ ഇവർ രാത്രി പത്തുമണി കഴിഞ്ഞാണ് മടങ്ങിയത്. അംബേദ്കർ കോളനിയുലുള്ള അൻപതിലേറെ കുടുംബങ്ങൾക്ക് ഇതുവരെ ഭൂമിക്ക് പട്ടയം കിട്ടിയിട്ടില്ല. ഇവിടുത്തെ കുടിവെള്ള പ്രശ്നവും വൈദ്യുതി മുടങ്ങുന്നതും ചൂണ്ടിക്കാട്ടി യുവാക്കളെ തങ്ങളുടെ സംഘത്തിൽ ചേർക്കാനുള്ള ശ്രമം മാവോയിസ്റ്റുകൾ അന്ന് നടത്തിയിരുന്നു.

പ്രദേശത്തെ റിസോർട്ടുകളിൽ മാവോയിസ്റ്റുകൾ എത്തി പണപ്പിരിവ് നടത്താറുണ്ടെന്നും രഹസ്യ വിവരം ഉണ്ട്. എന്നാൽ റിസോർട്ട് ഉടമകളാരും ഇതുവരെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടില്ല. കൂറ്റൻ പാറകളും ചെങ്കുത്തായ കയറ്റവും ഉള്ള ഈ വനമേഖല കബനീദളം 2ന്റെ ഒളിത്താവളം ആണെന്ന സൂചന നേരത്തെ പൊലീസിനുണ്ടായിരുന്നു. ആദിവാസികളിൽ നിന്നും നിരന്തരം വിവരം ശേഖരിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമമായിരുന്നു പൊലീസ് നടത്തിക്കൊണ്ടിരുന്നത്.